കൊടുങ്ങല്ലൂർ
ദേശീയപാത നിർമാണത്തിലെ അനാസ്ഥയെ തുടർന്ന് ചന്തപ്പുര സിഗ്നൽ ജങ്‌ഷനിൽ വീണ്ടും കുടിവെള്ള പൈപ്പുകൾ പൊട്ടി. നാട്ടുകാർ ദുരിതത്തിൽ. കുടിവെള്ളം കിട്ടാതെ ജനം വലഞ്ഞിട്ടും പൈപ്പുകൾ നന്നാക്കാൻ എൻഎച്ച് അധികൃതരും കരാർ കമ്പനിയും തയ്യാറാകുന്നില്ല.
32 –-ാമത്തെ തവണയാണ് ഇവിടെ കുടിവെള്ള പൈപ്പ് പൊട്ടുന്നത്. ഇരുകൂട്ടരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ കൗൺസിലർ കെ ആർ ജൈത്രൻ കലക്ടർക്ക് പരാതി നൽകി. ഒരു തവണ പൈപ്പ് പൊട്ടിയാൽ ഒരാഴ്ച കഴിഞ്ഞാണ് പ്രദേശത്ത് കുടിവെള്ളം കിട്ടുക. ചന്തപ്പുര കിഴക്ക് ഭാഗത്ത് താമസിക്കുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വെള്ളം കിട്ടുന്നത്. റോഡ് നിർമാണം നടക്കുമ്പോഴുള്ള അനാസ്ഥ കാരണം പൈപ്പുകൾ പൊട്ടുമ്പോൾ വെള്ള വിതരണം ദിവസങ്ങളോളം മുടങ്ങും. ചന്തപ്പുര മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായി ചെളിയും വെള്ളവും നഗരസഭ റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് യാത്രക്കാരെ വലയ്ക്കുന്നു. കരാർ കമ്പനിക്കാരോട് നിരവധി വട്ടം പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. കലക്ടർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പരാതിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..