22 November Friday
പാണഞ്ചേരി സഹകരണ ബാങ്ക്‌ അഗ്രി. പാർക്ക്‌

ഇവിടെ കർഷകർ ഹാപ്പി

സി എ പ്രേമചന്ദ്രൻUpdated: Thursday Nov 14, 2024

പാണഞ്ചേരി സഹകരണ ബാങ്കിന്റെ കീഴിലുള്ള പീച്ചി അഗ്രി ഇൻഡസ്‌ട്രിയൽ പാർക്കിൽ കാർഷിക വിളകൾ ഉപയോഗിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നു

തൃശൂർ
പീച്ചിക്കടുത്ത്‌  ആറരയേക്കർ ഭൂമിയിൽ  ഇതാ  അഗ്രി  ഇൻഡസ്‌ട്രിയൽ പാർക്ക്‌.   ഇവിടെ പ്രകൃതിദത്ത നിറവും മണവുമുള്ള  75 കാർഷിക മൂല്യ വർധിത ഉൽപ്പന്നങ്ങൾ പിറന്നു. കർഷക കൂട്ടായ്‌മകൾ വഴി  ന്യായ വില നൽകി വിളകൾ നേരിട്ട്‌ സംഭരിക്കും.  കേവലം പലിശ ഇടപാടിനപ്പുറം പാണഞ്ചേരി  സർവീസ്‌ സഹകരണ ബാങ്ക്‌ കർഷകർക്ക്‌ പുതുജീവനം ഒരുക്കുകയാണ്‌.
കേരള ബാങ്ക്‌ വഴി നബാർഡ്‌  അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഫണ്ടുൾപ്പെടെ   അഞ്ചുകോടി ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  
സ്വന്തം ഭൂമി വാങ്ങി  ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി പീച്ചി അഗ്രി  ഇൻഡസ്‌ട്രിയൽ പാർക്ക്‌  എന്ന കമ്പനി രൂപീകരിച്ചു.   6000 സ്‌ക്വയർഫീറ്റ്‌ കെട്ടിടത്തിൽ   വെജിറ്റബിൾ ആൻഡ്‌  ഫ്രൂട്‌സ്‌ പ്രോസസിങ്  ആൻഡ്‌ വാല്യൂ അഡീഷൻ  യൂണിറ്റ്‌  ആരംഭിച്ചു. 50 ലക്ഷം രൂപ വിലവരുന്ന ആധുനിക യന്ത്രസാമഗ്രികൾ  വഴി വിളകൾ മൂല്യവർധിത  ഉൽപ്പന്നങ്ങളാക്കി.   20 സ്‌ത്രീകളുൾപ്പെടെ 25 ജീവനക്കാരുണ്ട്‌.  ജൈത്രി   ബ്രാൻഡിൽ സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ  വിപണനവും ആരംഭിച്ചു.  ഓൺലൈൻ ബുക്കിങ് വഴി വീടുകളിലും എത്തിക്കുന്നു.  
മാസം ശരാശരി  7.5 ലക്ഷം  രൂപയുടെ വിപണനമുണ്ട്‌.   നിശ്ചിത നിരക്കിൽ വിളകൾ, ഉൽപ്പന്നങ്ങളാക്കി കർഷകർക്കും സംരംഭകർക്കും നൽകും. കർഷകർക്ക്‌ പരിശീലനവും നൽകുന്നു.  വിത്തും കീടനാശിനികളും കാർഷിക ഉപകരണങ്ങളും ലഭിക്കുന്ന  അഗ്രോ സൂപ്പർമാർക്കറ്റും   തുറന്നു.   കൃഷിക്കാർക്ക്‌ വിത്തും വളവും നൽകി ബാങ്ക്‌ കൃഷി പ്രോൽസാഹിപ്പിക്കും.  ബാങ്കിന്റെ ജൈവവള നിർമാണ യൂണിറ്റിൽ (മണ്ണിത്ര) ജൈവവളം ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.  കാർഷിക നഴ്‌സറിയുമുണ്ട്‌.  
 എൽഡിഎഫ്‌  ഭരണസമിതിയാണ്‌ ബാങ്ക്‌ ഭരിക്കുന്നത്‌.  ബാങ്ക്‌ പ്രസിഡന്റ്‌  സി പി വില്യംസാണ്‌ അഗ്രോ പാർക്ക്‌ കമ്പനി ചെയർമാൻ.  പച്ചക്കറികളിൽ   മൂല്യ വർധിത ഉൽപ്പന്നങ്ങൾ വികസിക്കുന്നതിൽ ഡോക്ടറേറ്റ്‌ നേടിയ  പി ബി  പുഷ്‌പലത  ചീഫ്‌ ടെക്‌നിക്കൽ  ഓഫീസറാണ്‌. കാർഷിക സർവകലാശാല വാഴ ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഇവരുടെ വൈദഗ്‌ധ്യം കമ്പനിക്ക്‌ ഗുണകരമാവുന്നു.  ഗ്രാമപഞ്ചായത്ത്‌ സഹകരണത്തോടെ   ഫാർമേഴ്‌സ്‌  ഓർഗനൈസേഷൻ  രൂപീകരിച്ച്‌    കാർഷിക വികസന പരിപാടി നടപ്പാക്കാനും  ലക്ഷ്യമുണ്ട്‌. 
 
ചക്കയും മാങ്ങയും  
ഉണക്കി  കടൽ കടത്തും 
 തൃശൂർ
ചക്കയും  ചക്കക്കുരുവും മാങ്ങയുമെല്ലാം  ഉണക്കും. പഴം വരട്ടിയെടുക്കും.  വാഴപ്പിണ്ടി അച്ചാറാവും. ഇത്തരത്തിൽ   ചക്ക, കായ, മാങ്ങ, കപ്പ, പച്ചക്കറികൾ  തുടങ്ങിയവ ഉപയോഗപ്പെടുത്തി 75 ഉൽപ്പന്നങ്ങൾ   ബാങ്ക്‌ വഴി പുറത്തിറങ്ങുന്നു.  ഇവയ്‌ക്ക്‌ രാജ്യത്തിന്‌ പുറത്തും  ആവശ്യക്കാരുണ്ട്‌. പാനീയങ്ങൾ, അച്ചാർ, ജാം, ചിപ്‌സ്‌, കൊണ്ടാട്ടം, പൊടികൾ, ചമ്മന്തിപ്പൊടികൾ, പഴം വരട്ടിയത്‌ എന്നിവ വിപണിയിലുണ്ട്‌.   ഉണക്കുന്നതിനും പൊടിക്കുന്നതിനും ജ്യൂസ്‌, പൾപ്പ്‌ എന്നിവയെടുക്കുന്നതിനും   മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ആധുനിക സൗകര്യമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top