22 December Sunday
കൂടുതൽ സ്‌ത്രീകൾ

ചേലക്കരയിൽ 
മികച്ച പോളിങ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ചേലക്കര ലിറ്റിൽ ഫ്ലവർ സ്കൂളിലെ വനിതകൾ നിയന്ത്രിക്കുന്ന 69 നമ്പർ പോളിങ് ബൂത്ത് /ഫോട്ടോ: ആകാശ് വസന്ത്

ചേലക്കര
കേരളം ഉറ്റുനോക്കിയ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ  72.77 ശതമാനം പോളിങ്‌. 1,55,077 പേർ വോട്ട്‌ ചെയ്‌തു. സ്‌ത്രീകളാണ്‌ കൂടുതലും വോട്ട്‌ ചെയ്‌തത്‌, 82,757. പുരുഷന്മാർ 72,319 പേരാണ്‌. ഒരു ട്രാൻസ്‌ജെൻഡറും വോട്ട്‌ ചെയ്‌തു. രാവിലെ ഏഴിന്‌ തുടങ്ങിയ പോളിങ്‌ ദ്രുതഗതിയിലായിരുന്നു. ഒമ്പതോടെ 12.12 ശതമാനം ആളുകൾ വോട്ട്‌ ചെയ്‌തു. 10.33ന്‌ 21.98 ശതമാനമായി. ഒന്നോടെ 41.87 ശതമാനമായി.  രണ്ടോടെ 50 ശതമാനം കടന്നു. നാലരയോടെ 63.95 ശതമാനമായി. അഞ്ചരയോടെ 69.43 ശതമാനവും. പോളിങ്‌ അവസാനിക്കുന്ന വൈകിട്ട്‌ ആറുകഴിഞ്ഞും ബൂത്തുകളിൽ വോട്ടർമാരുടെ നിരയുണ്ടായിരുന്നു. ഏഴോടെയാണ്‌ പോളിങ്‌ അവസാനിച്ചത്‌. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്‌. വോട്ടെടുപ്പിനുശേഷം യന്ത്രങ്ങൾ  ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്ക്‌ മാറ്റി. ഇവിടെ 23 നാണ്‌ വോട്ടെണ്ണൽ. 
2,13,103 പേരാണ്‌ ആകെ വോട്ടർമാർ. സ്‌ത്രീകൾ–-1,11,197, പുരുഷന്മാർ–- 1,01,903, ട്രാൻസ്‌ജൻഡർ–- 3. സർവീസ് വോട്ടർമാർ 315.  ഒമ്പത്‌ പഞ്ചായത്തുകളിലായി 180 പോളിങ്‌ ബൂത്തുകളുണ്ടായിരുന്നു. സമാധാനപരമായിരുന്നു പോളിങ്‌.   
സിറ്റി പൊലീസ്‌ കമീഷണർക്ക്‌ കീഴിൽ അറുനൂറിലധികം പൊലീസ് ഓഫീസർമാരെയും ഒരു കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചു. 
   യു ആർ പ്രദീപ്‌ (എൽഡിഎഫ്‌), രമ്യ ഹരിദാസ്‌ (യുഡിഎഫ്‌), കെ ബാലകൃഷ്ണൻ (എൻഡിഎ), എൻ കെ സുധീർ (കോൺഗ്രസ്‌ വിമതൻ), സ്വതന്ത്രരായ കെ ബി ലിന്റേഷ്‌, ഹരിദാസൻ എന്നിവരാണ്‌ സ്ഥാനാർഥികൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top