വടക്കാഞ്ചേരി
റഷ്യയിൽ അകപ്പെട്ട യുവാക്കളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി കത്ത് നൽകി. യുക്രയ്ൻ –- റഷ്യ യുദ്ധഭൂമിയിൽ അകപ്പെട്ട തൃശൂർ തെക്കുംകര കുത്തുപാറ തെക്കേ മുറിയിൽ ജെയിൻ കുരിയൻ (27), സഹോദരീ ഭർത്താവ് കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബിനിൽ ബാബു(37) എന്നിവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനാണ് കെ രാധാകൃഷ്ണൻ എംപി നേരിട്ട് കത്ത് നൽകിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ആഗസ്‌തിൽ ഇ മെയിൽ മുഖാന്തരം എംപി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു.
കേന്ദ്ര സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാവാതിരുന്നതിനെത്തുടർന്നാണ് വെള്ളിയാഴ്‌ച നേരിട്ട് മന്ത്രിക്ക് കത്ത് നൽകിയത്. ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നും എം പി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പു നൽകിയതായി കെ രാധാകൃഷ്ണൻ എംപി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..