കയ്പമംഗലം
യുവാക്കളുടെയും വിദ്യാർഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കയ്പമംഗലം സ്വദേശികളായ അബ്ദുൾ മാലിക്ക്, താജുദ്ദീൻ, റെമീസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രേഡിങ്ങിനായും, ഇൻകംടാക്സ് വെട്ടിപ്പിനുമെന്ന് യുവാക്കളെ ധരിപ്പിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അതുവഴി ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെ കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസാര കമീഷൻ നൽകിയാണ് ഇവർ കൈക്കലാക്കുന്നത്.
നൂറോളം അക്കൗണ്ടുകൾ വഴി കോടികൾ വന്നിട്ടുണ്ടെന്നാണ് വിവരം. കയ്പമംഗലത്ത് നിരവധി യുവാക്കൾ ഇവരുടെ വലയിലായിട്ടുണ്ടെന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം ഇവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസിനാണ് അന്വേഷണ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..