19 September Thursday

സർക്കാർ തണലിൽ 
സമൃദ്ധിയുടെ ഓണം

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2024

വായനകാർക്ക് ദേശാഭിമാനിയുടെ ഓണാശംസകൾ ചിത്രം \ ഡിവിറ്റ് പോൾ

തൃശൂർ
 ഉത്രാടപ്പാച്ചിൽ അവസാനിപ്പിച്ച്‌ ഒരുക്കങ്ങൾ പൂർത്തിയാക്കി നാട്‌ മാവേലിയെ വരവേൽക്കാനൊരുങ്ങി. ഓണക്കോടിയും പൂക്കളവും സദ്യവട്ടവുമായി നാടും നഗരവും ഞായറാഴ്‌ച സമൃദ്ധിയുടെ ഓണം ആഘോഷിക്കും. 
ഉത്രാടദിനത്തിൽ സദ്യയ്‌ക്കും ആഘോഷങ്ങൾക്കുമുള്ള അവസാന വട്ട ഓട്ടത്തിലായിരുന്നു ജനം. റോഡുകൾ ഗതാഗതക്കുരുക്കിലമർന്നു. കടകളിലും ചന്തകളിലും വൻ തിരക്കായിരുന്നു.  രാത്രി വളരെ വൈകിയാണ്‌ കടകൾ അടച്ചത്‌. ഓണസദ്യയ്‌ക്കുള്ള ഇലയുടെ വില 10 മുതൽ -15 രൂപവരെയായി ഉയർന്നു. വിപണിയിൽ ആവശ്യത്തിന്‌ പൂവ്‌ ലഭ്യമായതോടെ പൂക്കളമിടാൻ  കൈപൊള്ളിയില്ല. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക്‌ പൂക്കളമിടാൻ സ്ഥലമില്ലെന്ന പരിഭവത്തിന്‌ പരിഹാരമായി റെഡിമെയ്‌ഡ്‌ പൂക്കളം ഇത്തവണ വിപണി കീഴടക്കി. 200 രൂപ മുതൽ വിവിധ വലുപ്പത്തിലും ഡിസൈനിലും ഇവ ലഭ്യമായി.  
അല്ലലില്ലാതെ, ഒരുമയോടെ ഓണം ആഘോഷിക്കാൻ സർക്കാർ നൽകിയ കൈത്താങ്ങ്‌ ജനങ്ങൾക്ക്‌ ആശ്വാസമായി. വിവിധ സാമൂഹ്യ–- സുരക്ഷാ പെൻഷനുകളും തൊഴിലാളി ക്ഷേമ ബോർഡിന്റെ  പെൻഷനും സർക്കാർ ജനങ്ങളുടെ കൈകളിൽ എത്തിച്ചു. ബോണസും അലവൻസും നൽകി. അതിദരിദ്ര വിഭാഗത്തിലുള്ളവർക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി സൗജന്യ കിറ്റും നൽകി. റേഷൻ കടകളിലും സാധനങ്ങൾ സമൃദ്ധമായി.  വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തകൾ തുറന്ന്‌ സർക്കാർ ഇടപെടൽ നടത്തി.  കൺസ്യൂമർഫെഡിന്റെ കീഴിൽ  സഹകരണസംഘങ്ങളും ഓണച്ചന്തകൾ തുറന്നു.  
  സപ്ലൈകോ നേതൃത്വത്തിൽ തേക്കിൻകാട്‌ മൈതാനത്ത്‌ ജില്ലാതല ചന്തയും താലൂക്ക്‌,- നിയമസഭാ മണ്ഡലം തല ചന്തകളും നടത്തി. സബ്‌സിഡി നിരക്കിൽ 13 ഇന അവശ്യസാധനങ്ങളാണ്‌ ഓണച്ചന്തകളിലൂടെ നൽകിയത്‌. സബ്‌സിഡി സാധനങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ  ലഭ്യമാക്കി.  ഓണച്ചന്തകളിൽ നിന്ന്‌ പച്ചക്കറി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നു.  കുടുംബശ്രീ  നേതൃത്വത്തിലും കൃഷിഭവന്റെ  കീഴിലും  ചന്തകൾ തുറന്നതോടെ വിലക്കയറ്റം ഇല്ലാതായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top