തൃശൂർ
കടൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പദ്ധതി റവന്യൂ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി കെ രാജൻ പറഞ്ഞു. എൻ കെ അക്‌ബർ എംഎൽഎയുടെ സബ് മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കടൽ, കനാൽ, തോട്, റോഡ് മുതലായവയുടെ പുറമ്പോക്കുകളും അവയോട് ചേർന്ന് വരുന്ന മറ്റ് പുറമ്പോക്കുകളും പതിച്ച് നൽകുന്നതിന് നിയമതടസ്സങ്ങളുണ്ട്. നിലവിലെ ചട്ടപ്രകാരം ഇത്തരം ഭൂമികൾ നിശ്ചിത ദൂരപരിധിക്കുള്ളിൽ പതിച്ച് നൽകാൻ പാടില്ല. പുറത്തുള്ള പുറമ്പോക്കുകൾ പതിച്ച് നൽകാം. ഇത് കണക്കിലെടുത്ത് കടൽ പുറമ്പോക്കുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങൾ സർവേ ചെയ്‌ത് കടൽ പുറമ്പോക്കുകൾ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി അർഹരായവർക്ക് പതിച്ചു നൽകാനുള്ള നടപടിയെടുക്കും.
ചാവക്കാട് താലൂക്കിൽ കടപ്പുറം, മണത്തല, പുന്നയൂർ, പുന്നയൂർക്കുളം വില്ലേജുകളിലെ സർവേ ചെയ്യാത്ത കടൽ പുറമ്പോക്ക് 1961-ലെ സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് സെക്‌ഷൻ 3, 4 പ്രകാരം സർവേ ചെയ്യുന്നതിനായുള്ള കരട് വിജ്ഞാപനം തയ്യാറാക്കി നൽകാൻ കലക്ടർക്ക്, ലാൻഡ് റവന്യൂ കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. കടൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ കൈവശ ഭൂമികൾ പൂർണമായും സിആർസെഡ് പരിധിയിൽ ഉൾപ്പെടുന്നവയാണെന്ന് കലക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂമി പതിച്ചു നൽകുന്നതിന് നിയമ തടസ്സമില്ല.
നിർമാണ പ്രവർത്തനങ്ങൾക്ക് നിബന്ധനകൾ ബാധകമാകും. സിആർസെഡ് മേഖലയിലെ നിർമിതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ഇളവുകൾ വരുത്തിയിട്ടുള്ള സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..