തൃശൂർ
പറന്നുയരാൻ ചെറുവിമാനം, ഭാരങ്ങൾ നിക്ഷേപിക്കുന്ന ഡ്രോൺ എന്നിവ നിർമിച്ച് തൃശൂർ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ ആകാശം കീഴടക്കുകയാണ്. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനിയേഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ഡ്രോൺ ഡെവലപ്മെന്റ് ചലഞ്ചിൽ ടെക്നിക്കൽ പ്രസന്റേഷനിലും അൺമാൻഡ് എയർക്രാഫ്റ്റ് ഡിസൈൻ ചലഞ്ചിൽ മികച്ച ഡിസൈനിലും ദേശീയ തലത്തിൽ കോളേജ് ടീമുകൾ മൂന്നാം സ്ഥാനം നേടി. ചെന്നൈയിൽ നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45 ടീമുകൾ പങ്കെടുത്തു.
ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പറന്ന് വഹിച്ചിരിക്കുന്ന ഭാരം ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കുക എന്നതായിരുന്നു ഡ്രോൺ മത്സരം. അസിസ്‌റ്റന്റ് പ്രൊഫസർ അൻവർ സാദിഖിന്റെ മേൽനോട്ടത്തിൽ പോൾ ബിനു, ആദിത്യ എസ് നായർ, റൊണാൾഡ് ബിജു, എൻ കെ അനിരുദ്ധൻ, നവീൻ പി സുരേഷ്, കെ നിത്യ, കെ എസ് മുഹമ്മദ് റാഷിദ്, എം കെ ആദിൽ ഹനീഫ്, യു ഐശ്വര്യ, ടി പി ഫെലിക്സ് എന്നിവരുൾപ്പെട്ട സംഘമാണ് നേട്ടം കൈവരിച്ചത്. എയർക്രാഫ്റ്റ് മത്സരത്തിൽ കുട്ടികൾ തയ്യാറാക്കിയ ചെറുവിമാനത്തിന് പറന്നുയരാൻ കുറച്ചു റൺവേ മതി. 1.7 മീറ്റർ വിങ് സ്പാനുള്ള ചെറുവിമാനത്തിന് പറന്നുയരാൻ 2000 വാട്ട് ബിഎൽഡിസി മോട്ടോറും 25 വോൾട്ട് ലിതിയം പോളിമർ ബാറ്ററിയും കരുത്തേകി.
അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ പോൾ ജെ നെല്ലിശേരി, വി വി വിവേക്, സി പി വിഘ്‌നേഷ്, സായി കൃഷ്ണ, ജെഫിൻ ജസ്റ്റിൻ, ലക്ഷ്മി ദാസ്, എം കെ ശ്രീപ്രിയ, ഗൗരി രാജൻ, ഗൗതം കെ മനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. കോളേജിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നോഡൽ സെന്റർ ഫോർ റോബോട്ടിക്സ് ആൻഡ് എഐ എന്ന റിസർച്ച് ലാബിൽ ലഭ്യമായിട്ടുള്ള നിർമാണ ഘടകങ്ങളും സാങ്കേതിക സഹായവും ടീമുകൾക്ക് മുതൽക്കൂട്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..