തൃശൂർ
"നിങ്ങൾ വെർച്വൽ അറസ്റ്റിലാണ്..നിങ്ങളുടെ മുഖം കാണിക്ക് ' വീഡിയോ കോൾ വഴി പണം തട്ടാൻ നോക്കിയവൻ മറുതലയ്‌ക്കലുള്ള ആളെ കണ്ടപ്പോൾ ഞെട്ടി.. യൂണിഫോമിൽ ചിരിച്ചുനിൽക്കുന്ന കേരള പൊലീസ്. "നീ ഈ പരിപാടി നിർത്തിക്കോ' എന്നായി പൊലീസ്. രസകരമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി . തൃശൂർ സിറ്റി പൊലീസ് സൈബർ സെൽ എസ്ഐക്കാണ് "വെർച്വൽ അറസ്റ്റിലെന്ന' പേരിൽ ഫോൺ വന്നത്. ഉടൻ നമ്പറും വിവരങ്ങളും ലൊക്കേഷനും സൈബർസെൽ സംഘം ട്രാക്ക്‌ചെയ്‌തു. വീഡിയോ കോളിന്റെ തുടക്കത്തിൽ മുഖം കാണിക്കാതിരുന്ന എസ്‌ഐയോട് ഇയാൾ മുഖം കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് പണി പാളിയ വിവരം ഇതരസംസ്ഥാനക്കാരനായ തട്ടിപ്പുകാരനും മനസ്സിലായത്. ഈ പരിപാടി നിർത്താനും വീടും നാടും പേരുമുൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചതായി സൈബർ സംഘവും പറഞ്ഞു. പൊലീസ് യൂണിഫോമിലാണ് ഇയാൾ വീഡിയോകോൾ ചെയ്‌തതും.
തൃശൂർ സിറ്റി പൊലീസിന്റെ ഫേയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഈ രംഗത്തിന്റെ ദൃശ്യം പുറത്തുവിട്ടത്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ സജീവമാണ്. "ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 120.30 കോടി രൂപയെന്ന് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
പുലർത്താം ജാഗ്രത
കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി നൽകുന്ന സൈബർ സുരക്ഷാ നിർദേശങ്ങളെ അവഗണിക്കാതിരിക്കുക. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഒടിപി, സാമ്പത്തിക സ്വകാര്യ വിവരങ്ങൾ എന്നിവ പങ്കുവയ്‌ക്കാനോ അപരിചിതരുടെ വീഡിയോ കോളുകളോട് പ്രതികരിക്കാനോ പാടില്ല. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ http://www.cybercrime.gov.in എന്ന സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..