ഇരിങ്ങാലക്കുട
തളിക്കുളം അയിനിച്ചോട് അരവശ്ശേരീ വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല സ്വദേശി മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസ്(30 ) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി വിനോദ് കുമാർ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2022 ആഗസ്റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വൈകിട്ട് 6.30 ഓടെ നൂറുദ്ദീന്റെ വീട്ടിൽ വെച്ച് ഹാഷിദയെ പ്രതി വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഹാഷിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18–-ാമത്തെ ദിവസമാണ് സംഭവം. തടയാൻ ചെന്ന ഹാഷിദയുടെ ബാപ്പ നൂറുദ്ദിന്റെ തലയ്ക്കും വെട്ടേറ്റു. ഉമ്മയേയും ദേഹോപദ്രവമേൽപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹാഷിദ പിറ്റേന്ന് വൈകിട്ട് നാലോടെ മരിച്ചു.
വലപ്പാട് എസ്എച്ച്ഒ ആയിരുന്ന കെ എസ് സുശാന്ത് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കൊടുങ്ങല്ലൂർ ഡി വൈഎസ്‌പി എൻ എസ് സലീഷ് അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 58 സാക്ഷികളെ വിസ്തരിച്ചു. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ് ജെയിംസ്, അഡ്വക്കറ്റുമാരായ എബിൻ ഗോപുരൻ, അൽജോ പി ആന്റണി എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..