15 November Friday

സ്‌നേഹവും സ്വപ്‌നവും ചേർന്ന നിറക്കൂട്ടിൽ

സ്വന്തം ലേഖികUpdated: Friday Nov 15, 2024

ലളിതകലാ അക്കാദമിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ ചിത്രകാരി എസ്‌ എൻ ദക്ഷിണ ചിത്രങ്ങൾകൊപ്പം

തൃശൂർ
ഒരു പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ.. അവൾ കണ്ട പ്രകൃതി, അവളുടെ സ്‌നേഹവും സന്തോഷവും സങ്കടങ്ങളും ചേർന്ന കാഴ്‌ച.. നിറങ്ങൾ ചേർത്ത്‌  കാൻവാസിൽ  വരച്ച ചിത്രങ്ങൾക്ക്‌  ആയിരം കഥകളുണ്ട്‌ പറയാൻ. കേരള ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ നൂറോളം ചിത്രങ്ങളാണ്‌ ഈ കഥകൾ പറയുന്നത്‌. നിറങ്ങൾക്കുപിന്നിൽ ഏഴാം ക്ലാസുകാരി എസ്‌ എൻ ദക്ഷിണയും. 
രണ്ടര വയസ്സുമുതൽ വരയുടെ ലോകത്ത്‌ ചേക്കേറിയ ദക്ഷിണ 3000 ചിത്രങ്ങൾ ഇതിനോടകം വരച്ചു കഴിഞ്ഞു.  ലോക്ക്‌ഡൗൺ കാലത്തും കഴിഞ്ഞ വർഷങ്ങളിലുമായി  വരച്ച തെരഞ്ഞെടുത്ത 100 ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. 
അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ പെയിന്റ്‌, പെൻസിൽ എന്നിവയിൽ തയ്യാറാക്കിയ ചിത്രങ്ങളാണിവ. ചിത്രകലയിൽ പരിശീലനം നേടാതെ സ്വന്തം പരിശ്രമത്തിലൂടെയാണ്‌ ദക്ഷിണ വരയുടെ ലോകത്ത്‌ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നത്‌. 
2500ലേറെ പുസ്‌തകങ്ങൾ വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്‌ത ദക്ഷിണ ഇന്ത്യ, ഏഷ്യ, ഇന്റർനാഷണൽ തലത്തിൽ വിവിധ റെക്കോഡുകൾ നേടിയിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ കോഴിക്കോട്ട്‌ നടത്തിയ ചിത്ര പ്രദർശനത്തിലെ വരുമാനമായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. 
സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരം ഉൾപ്പെടെ നേടിയിട്ടുണ്ട്‌. മലപ്പുറം, പുത്തനത്താണി ഇലക്ട്രിക്കൽ സെഷനിൽ കെഎസ്ഇബി ഓവർസിയറായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നോബിളിന്റെയും ഷൈനിയുടെയും മകളാണ്. 
പ്രദർശനം നടൻ വി കെ ശ്രീരാമൻ ഉദ്‌ഘാടനം ചെയ്‌തു. 17 വരെ രാവിലെ 11 മുതൽ രാത്രി ഏഴു വരെയാണ് പ്രദർശനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top