തൃശൂർ
നഗരത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് വർണാഭമായ ഘോഷയാത്ര നടത്തി. നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ പങ്കാളിയായി. സിഎംഎസ് സ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി മേയർ എം കെ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് എന്നിവർ റാലിയെ ടൗൺ ഹാളിൽ സ്വീകരിച്ചു.
ശിശുദിനാഘോഷ പരിപാടികൾ കുട്ടികളുടെ ചാച്ചാജിയായ പനങ്ങാട് സെന്റ് ജോർജ് മിക്‌സഡ് യു പി സ്‌കൂൾ വിദ്യാർഥിനി എസ് ദക്ഷിണ ഉദ്ഘാടനം ചെയ്തു. പനങ്ങാട് സെന്റ് ജോസഫ് യുപിഎസിലെ മേഘ സൂസൻ പോൾ അധ്യക്ഷയായി. എ എസ് ഫാത്തിമ അൻസാന (എവിഎംയുപി സ്‌കൂൾ, അഴിക്കോട്), അതിഥി അരുൺ (ശങ്കര യുപിഎസ് ആലേങ്ങാട്) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചേർപ്പ് സിഎൻഎൻജിഎൽപിഎസിലെ വിദ്യാർഥി സി ആർ തീർത്ഥ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കോർപറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണാധികാരികളുടെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ആശംസ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു. പി ബാലചന്ദ്രൻ എംഎൽഎ ശിശുദിന സന്ദേശം നൽകി. കെ രാധാകൃഷ്ണൻ എം പി, കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അജിതകുമാരി, എൽഎസ്ജിഡി അസി. ഡയറക്ടർ ആൻസൺ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ അൻസാർ എന്നിവർ പ്രതിഭകൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..