തൃശൂർ
തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും ബിജെപിക്കും ആർഎസ്എസിനും സുരേഷ്ഗോപിക്കും ഇതിൽ പങ്കുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. പൂരദിവസം രാത്രിയുണ്ടായ സംഭവങ്ങളിൽ തനിക്കറിയുന്ന എല്ലാ കാര്യങ്ങളും അന്വേഷക സംഘത്തിന് മൊഴി നൽകിയതായി സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് വൈകിയത്, പ്രധാനപ്പെട്ട ചടങ്ങുകൾ കേവലം ചടങ്ങുകളായി മാറ്റിയത്, മേളം നിർത്തിവച്ചത്, വെടിക്കെട്ട് നടക്കില്ല എന്ന് പ്രഖ്യാപിച്ചത്, പന്തലിന്റെ ലൈറ്റ് ഓഫ് ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇതിനുപിന്നിൽ ആർഎസ്എസ്, വിശ്വ ഹിന്ദു പരിഷത്ത് ഗൂഢാലോചനയാണെന്നും മൊഴി നൽകി. സുരേഷ് ഗോപി പൂര വേദിയിലേക്ക് എത്തിയത് വിശദമായി അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണം. പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ദേശക്കാർ കുറ്റക്കാരല്ല. പൂരം അലങ്കോലപ്പെട്ടാൽ അതിൽ രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്ന് കരുതിയവർക്കൊപ്പം നിന്നവരെ കണ്ടെത്തണം. ശ്രീമൂല സ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ ആർഎസ്എസ് നേതാക്കൾ തള്ളിക്കയറാൻ ശ്രമിച്ചു.
മീറ്റിങ്ങിൽ പുലർച്ചെ തന്നെ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഓഫീസിലേക്ക് തീരുമാനം അറിയിക്കാൻ പോയതിനുശേഷം ആ തീരുമാനം അട്ടിമറിച്ചു. ഇത് കണ്ടെത്തണമെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂർ രാമനിലയത്തിലായിരുന്നു മലപ്പുറം അഡീഷണൽ എസ്‌പി ഫിറോസിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..