22 December Sunday

ആഘോഷ തനിമ നിലനിർത്താൻ തൃശൂർ ജനത ഒറ്റക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഉത്സവ രക്ഷാ സംഗമം കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
ആചാര അനുഷ്‌ഠാനങ്ങൾ അനുസരിച്ച്‌ ഉത്സവ –- ആഘോഷങ്ങൾ നടത്താൻ ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രഖ്യാപനമായി കേരള ഫെസ്റ്റിവൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഉത്സവ രക്ഷാസംഗമം സംഘടിപ്പിച്ചു.  തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവാഘോഷങ്ങളിലെ പ്രതിസന്ധി നീക്കാൻ കൂട്ടായി പരിശ്രമിക്കും. തെക്കേ ഗോപുരനടയിൽ നടന്ന സംഗമത്തിൽ ജനപ്രതിനിധികൾ, മതാധ്യക്ഷൻമാർ, രാഷ്‌ട്രീയ പാർടി നേതാക്കൾ, മേളപ്രമാണിമാർ, ഉത്സവ പ്രേമികൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. ഹൈക്കോടതി വിധി പ്രയോഗികമല്ലെന്നും വിധി പുനഃപരിശോധിക്കാൻ കോടതി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫെസ്റ്റിവൽ കോ–-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എ കുമാരൻ അധ്യക്ഷനായി. നാട്ടാന പരിപാലനചട്ടം ഭേദഗതി ചെയ്‌ത്‌ നിയമസഭ പാസാക്കിയാൽ കേന്ദ്ര സർക്കാർ തടഞ്ഞുവെയ്‌ക്കരുതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. തൃശൂർ പൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ഉത്സവങ്ങളും മുൻ വർഷങ്ങളെ പോലെ പെരുമയോടെ നടത്താൻ കേരള നിയമസഭ സന്നദ്ധമാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. വനം –- പരിസ്ഥിതി വകുപ്പുകൾ കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയത്തിൽ ഇടപെടുന്നതിൽ സംസ്ഥാന സർക്കാരിന്‌ പരിമിതികളുണ്ടെന്നും  ബിജു പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, വി എസ്‌ സുനിൽകുമാർ,  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ഫാ. ജോസ്‌ കോനിക്കര, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട്‌ അനിയൻ മാരാർ, കെപിസി കൃഷ്‌ണൻ ഭട്ടത്തിരിപ്പാട്‌, ബഷറുദീൻ തങ്ങൾ, അഡ്വ. രാജേഷ്‌ പല്ലാട്ട്‌, ജി രാജേഷ്‌, ഉണ്ണിക്കൃഷ്‌ണൻ ഈച്ചരത്ത്‌, രാജു സ്വാമി, വത്സൻ ചമ്പക്കര, എൻ സോമൻ നെന്മാറ, പി എസ്‌ രവീന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top