22 December Sunday
ഹൈക്കോടതി ഉത്തരവ്‌

പൂരപ്രൗഢിക്ക്‌ ‘കരി’ നിഴൽ

സ്വന്തം ലേഖകൻUpdated: Saturday Nov 16, 2024
തൃശൂർ 
കരിവീരനും കരിമരുന്നിനും  ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ   കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങൾക്കുമേൽ  കരിനിഴൽ വീഴ്‌ത്തും.  എഴുന്നള്ളിപ്പിന്‌ ഹൈക്കോടതി പുറത്തിറക്കിയ നിർദേശങ്ങൾ പാലിച്ചാൽ കേരളത്തിൽ പൂരങ്ങൾ വിസ്‌മൃതിയിലാവുമെന്ന്‌ ദേവസ്വം ഭാരവാഹികളും  പൂരപ്രേമികളും. 36 മണിക്കൂർ  നീളുന്ന  തൃശൂർ പൂരത്തിന്റെ  പല ചടങ്ങുകളും  നടത്താനാവില്ല.  
    എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നാണ്‌   പ്രധാന നിർദേശം. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമാണ്‌ കുടമാറ്റം. തെക്കേഗോപുര നടയിലാണ്‌ തിരുവമ്പാടി–- പാറമേക്കാവ്‌ വിഭാഗത്തിന്റെ 15 ആനകൾ വീതം മുഖാമുഖം അണിനിരക്കുക.  നിർദിഷ്‌ട  അകലം പാലിക്കാൻ ഇവിടെ സ്ഥലമില്ല. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളത്തിനും പുറത്ത്‌ ശ്രീമൂലസ്ഥാനത്തും   മൂന്നുമീറ്റർ അകലം പാലിക്കാൻ ബുദ്ധിമുട്ടാണ്‌. ഗുരുവായൂർ ക്ഷേത്രത്തിലുൾപ്പെടെ  ശീവേലി മുടങ്ങും. ക്ഷേത്രങ്ങൾക്കുള്ളിലെ   എഴുന്നള്ളിപ്പുകൾ നടത്താനാവില്ല. ആനയുമായി കാണികൾ എട്ട്‌ മീറ്റർ അകലം പാലിക്കണമെന്ന നിർദേശവും പ്രതിസന്ധിയാണ്‌.  
 തൃശൂർ പൂരത്തിൽ രാവിലെ ചെറുപൂരങ്ങളുടെ വരവ്‌, തിരുവമ്പാടി മഠത്തിൽ വരവ്‌,   പാറമേക്കാവ്‌ എഴുന്നള്ളിപ്പ്‌, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം ഇതെല്ലാം സ്വരാജ്‌ റൗണ്ടുമായി ബന്ധപ്പെട്ടുള്ളതാണ്‌.  അതിനാൽ  രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌  അഞ്ചു വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുതെന്ന വ്യവസ്ഥ പ്രതിസന്ധിയാവും.  മറ്റു പൂരങ്ങൾക്കും  നേർച്ചകൾക്കും  പെരുന്നാളുകൾക്കും ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല.   
വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി,  ആനയും തീവെട്ടിയും തമ്മിൽ അഞ്ച് മീറ്റർ ദൂര പരിധി, ആനകൾ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ്   എന്നീ നിബന്ധനകളും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുകളേറെയാണ്‌.  രാത്രി  പത്തു മുതൽ നാലുവരെ ആനകളുടെ യാത്ര പാടില്ലെന്ന നിബന്ധന ദേവമേള എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളേയും പ്രതിസന്ധിയിലാക്കും.   വെടിക്കെട്ടിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തി  കേന്ദ്രസർക്കാരിന്റെ  പുതിയ ഉത്തരവിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ്‌  എഴുന്നള്ളിപ്പിന്‌  നിയന്ത്രണം ഏർപ്പെടുത്തിയുള്ള കോടതി ഉത്തരവ്‌. 
 പുരം നിരോധിച്ചതിനു തുല്യമായ ഉത്തരവാണിതെന്ന്‌ പാറമേക്കാവ്‌ ദേവസ്വം സെക്രട്ടറി ജി രാജേഷ്‌ പറഞ്ഞു.  കേരളത്തിലെ ഉത്സവങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്നതാണ്‌ ഈ ഉത്തരവെന്നും ഇതിനു പരിഹാരം വേണമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്‌ കെ ഗിരീഷ്‌ കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top