തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ചാക്കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി തിങ്കളാഴ്‌ച കോടതി രേഖപ്പെടുത്തും. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനുമുന്നിൽ വൈകിട്ട് നാലിന് മൊഴി രേഖപ്പെടുത്തും. ഹാജരാകാനാവശ്യപ്പെട്ടുള്ള കോടതി നോട്ടീസ് സതീഷ് കൈപ്പറ്റി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് തൃശൂർ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകളിലായി ഒമ്പതുകോടി രൂപ എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതിയോടെ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ സതീഷിന്റെ മൊഴിയും രേഖപ്പെടുത്തി. ഇതിന്റെ തുടർനടപടിയായാണ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..