തൃശൂർ
സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയിൽ കോൺഗ്രസ് ഭരിക്കുന്ന തൃശൂർ അർബൻ സഹകരണ ബാങ്കിൽ റിസർവ് ബാങ്കിന്റെ പരിശോധന. റിസർവ് ബാങ്ക് എജിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയത്.
ചട്ടം ലംഘിച്ച് നൽകിയ വായ്പകൾ, ഇടപാടുകൾ എന്നിങ്ങനെ ഫയലുകൾ പരിശോധിച്ചു. ബാങ്കിലെ സ്വർണപ്പണയ ലേല ഇടപാടിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ടിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഈ ഫയലുകളും ആർബിഐ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും പരിശോധന തുടരും.
ബാങ്കിലെ പ്യൂൺ നിയമനമെന്ന പേരിൽ ഉദ്യോഗാർഥികളിൽ നിന്ന് വൻപണപ്പിരിവ് നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. നിലവിൽ പ്യൂൺ തസ്‌തികയിൽ ഒഴിവില്ല.
ബാങ്ക് ക്ലാസിഫിക്കേഷനും സ്‌റ്റാഫ് പാറ്റേൺ നടപടികളും പൂർത്തീകരിക്കാത്തതിനാൽ നിയമനങ്ങൾ കോടതി തടഞ്ഞിട്ടുമുണ്ട്. എന്നാൽ 12 ഒഴിവുവരുമെന്ന് പറഞ്ഞാണ് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത്.
ആദ്യഘട്ടമായി 15 ലക്ഷമാണ് ആവശ്യപ്പെടുന്നത്. ഈ സംഖ്യ ജോലി ലഭിച്ചാൽ ബാങ്കിൽ നിന്ന് വായ്‌പയായി അനുവദിക്കാമെന്നും വാഗ്‌ദാനമുണ്ട്. ബിനാമികൾ വഴിയാണ് പണമിടപാട് നടക്കുന്നത്. ഈ പരാതിയും ആർബിഐക്ക് ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..