തൃശൂർ
കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും സൂചകമായ നെൽക്കതിർക്കുലകൾ കേരളത്തിലെ പൂമുഖങ്ങളിൽ മാത്രമല്ല, സിംഗപ്പൂരും കാനഡയിലെുമെല്ലാം മലയാളികളുടെ വീടുകളിലും റിസോർട്ടുകളിലും തൂങ്ങുകയാണ്. ഇതോടൊപ്പം ഏറിയാട്ടെ വീട്ടമ്മമാരുടെ സ്വപ്‌നങ്ങളും കടൽകടക്കുകയാണ്. പരമ്പരാഗതരീതിയിൽ മെടഞ്ഞ് രാസവസ്‌തുക്കളൊന്നും ചേർക്കാതെയാണ് കതിർക്കുലകൾ ഒരുക്കുന്നത്. ചിങ്ങം പിറക്കുന്നതോടെ കൂടുതൽ ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണിവർ.
എറിയാട് തെരുവിൽ പടിഞ്ഞാറ്റേടത്ത് രാജി ശ്യാമാണ് കതിർക്കുല നിർമാണത്തിലേക്ക് ആദ്യം വന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സഹായവും ലഭിച്ചു. പിന്നീട് ഹേന അനിരുദ്ധൻ, എൽസി ജോൺ, ഷീല സുബ്രഹ്മണ്യൻ, ഷൈലജ അശോകൻ എന്നിങ്ങനെ ഗ്രൂപ്പാക്കി വിപുലീകരിക്കുകയാണ്. കുടുംബശ്രീ വഴി അവന്തിക കതിർക്കുല ക്രാഫ്‌റ്റ് ആരംഭിച്ചാണ് വിപണനം.
യന്ത്രം ഉപയോഗിക്കാതെ കൈകളാൽ കൊയ്‌തെടുത്ത നെൽക്കതിരാണ് ശേഖരിക്കുക. നെൽക്കതിർ മകരമാസത്തിൽ 14 ദിവസം മഞ്ഞും വെയിലും കൊള്ളിക്കും. ഇതോടെ നെല്ല് കൊഴിച്ചിൽ കുറയും. നെല്ലിൽനിന്ന് പൂർണമായും വൈക്കോൽ മെടഞ്ഞാണ് ആകർഷകമായി പല മാതൃകയിൽ നെൽക്കതിരുകൾ മെടയുന്നത്. ഒരു പറ നെല്ലുപയോഗിച്ച് എട്ട് കിലോ തൂക്കമുള്ള കതിർക്കുല വരെ ഉണ്ടാക്കിയിട്ടുണ്ട്. 50 രൂപ മുതൽ 5000 രൂപ വരെയാണ് വില. 25 വർഷംവരെ ഈ കതിർക്കുല നിൽക്കും.
സിംഗപ്പൂർ, റഷ്യ, ജർമനി, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഗൾഫ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ മലയാളികൾ കതിർക്കുലകൾ കൊണ്ടുപോകാറുണ്ടെന്ന് രാജി പറഞ്ഞു. ജിഎസ്‌ടി രജിസ്‌ട്രേഷൻ, ലൈസൻസ് ഉൾപ്പെടെ നിയമ–-സാങ്കേതിക കാര്യങ്ങൾ പൂർത്തിയാകാത്തതിനാൽ നേരിട്ട് കയറ്റുമതി ചെയ്യാറില്ല. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ചെന്നൈ ആസ്ഥാനമായ കമ്പനി കയറ്റുമതിക്ക് വേണ്ടി കതിർക്കുലകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ അഗ്രോബസാർ, ഖാദി, ഉൾപ്പെടെ വിപണനത്തിന് എത്തിക്കുന്നുണ്ട്. ജില്ലയിലെ മേളകളിലും പങ്കെടുക്കാറുണ്ട്.
നാലുവർഷം മുമ്പ് കോവിഡ് കാലത്ത് ശേഖരത്തിലെ നെൽക്കതിരുകൾ നശിച്ചതിനാൽ വൻനഷ്ടം സംഭവിച്ചു. ആ ബാധ്യതകൾ ഇനിയും തീർന്നിട്ടില്ല. എങ്കിലും പുതിയ പ്രതീക്ഷയുമായി മുന്നോട്ടു പോവുകയാണെന്നും രാജി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..