05 November Tuesday

സ്‌പിരിറ്റ്‌ വേട്ട: ഗോഡൗൺ വാടകയ്‌ക്ക്‌ എടുത്തവർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
പട്ടിക്കാട് 
ചെമ്പൂത്രയിൽ നിന്ന്‌ സ്‌പിരിറ്റ് പിടികൂടിയ സംഭവത്തിൽ  ഗോഡൗൺ വാടകയ്‌ക്ക്‌ എടുത്തവർക്കെതിരെ കേസെടുത്തു.   എടമുട്ടം, ഉറുമ്പങ്കുന്ന് സ്വദേശികളായ രണ്ട്‌ പേർക്കെതിരെയാണ്‌ കേസെടുത്തത്‌. ഇന്ത്യൻ കോഫി ഹൗസിന് സമീപം വാടകയ്ക്ക് പ്രവർത്തിക്കുന്ന കാലിത്തീറ്റ ഗോഡൗണിന്റെ മറവിലാണ്‌ സ്‌പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്‌.  15,000 ലിറ്റർ സ്‌പിരിറ്റും രണ്ട്‌ പിക്കപ്പ്‌ വാനുകളുമാണ്‌ പിടികൂടിയത്‌. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ  ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്‌.
രാത്രി  മാത്രമാണ്‌ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്‌. ഇതിൽ നിന്നുണ്ടായ സംശയത്തെ തുടർന്ന്‌ രണ്ടാഴ്ചയോളം എക്‌സൈസ്‌ ഇന്റലിജൻസ്‌ നിരീക്ഷിച്ചശേഷമാണ്‌ ജില്ലാ എക്‌സൈസ് വിഭാഗവുമായി ചേർന്ന്  റെയ്ഡ്  നടത്തിയത്‌. പരിശോധനയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്‌ കണ്ടെടുത്തു. എക്‌സൈസ്‌ ഇന്റലിജൻസ്‌ ഇൻസ്‌പെക്ടർ എ ബി പ്രസാദ്,  ഉദ്യോഗസ്ഥരായ വി എം ജബ്ബാർ, കെ ജെ ലോനപ്പൻ, പി ജീസ്‌മോൻ, പി ആർ സുനിൽ, എം ആർ നെൽസൻ, എക്‌സൈസ് സിഐ അശോക് കുമാർ, ഇൻസ്‌പെക്ടർമാരായ ടി കെ സജീഷ്‌ കുമാർ, സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ്‌ സ്‌പിരിറ്റ്‌ പിടികൂടിയത്‌. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ എക്സൈസും പൊലീസും വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഒരാഴ്ച മുമ്പ്  അരണാട്ടുകരയിൽ വീട് വാടകക്കെടുത്ത് സ്പിരിറ്റ് സൂക്ഷിച്ചിരുന്ന കേന്ദ്രവും ബിജെപി പ്രവർത്തകൻ മണികണ്ഠനെയും പിടികൂടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top