25 November Monday

പുലികൾക്ക്‌ മാന്തിപ്പറിക്കാൻ നഖവും

നിധിൻ നാഥ്‌Updated: Tuesday Sep 17, 2024

വിയ്യൂർ യുവജന കലാസംഘത്തിനായി പുലിനഖവും മുഖങ്ങളും ഒരുക്കുന്ന സനിൽ / ഫോട്ടോ: ഡിവിറ്റ്‌ പോൾ

തൃശൂർ
വിയ്യൂർ പുലികൾക്ക്‌ ഇത്തവണ കൈയിലും കാലിലും നഖങ്ങ ൾ.    ‘യുഫോം’ ഉപയോഗിച്ച്‌ ത യാറാക്കിയ നഖം കൈയുറയിൽ ഉറപ്പിച്ചാണ്‌ നഖമുള്ള കൈ ഉണ്ടാക്കിയത്‌. പുലിയാട്ടത്തിന്റെ ചുവട്‌വയ്‌പ്പ്‌ സുഗമമാക്കാൻ പ്രത്യേക ഷൂസുകളും തയ്യാറാക്കിയിട്ടുണ്ട്‌. 50 അംഗ സംഘത്തിലുള്ള ഓരോരുത്തരുടെയും കാലിന്റെ അളവെടുത്താണ്‌ ഇവ തയ്യാറാക്കിയത്‌. 
ഒളിച്ചുവച്ചിട്ടുള്ള പുത്തൻ കാഴ്‌ചകളുടേത്‌ കൂടിയാണ്‌ ഓരോ പുലികളി കാലവും. മുഖം, വസ്‌ത്രം തുടങ്ങി വേഷത്തിലും ചുവടിലുമെല്ലാം പുതിയ കാഴ്‌ചകളുമായാണ്‌ ദേശങ്ങളിലെ മടവിട്ട്‌ നഗരത്തിലേക്ക്‌ പുലികളിറങ്ങുക. ഈ വരവിൽ പുലി വേഷത്തിലും മുഖത്തിലുമെല്ലാം പുതിയ ‘ട്രെന്റുകൾ’ സൃഷ്ടിക്കും.  
വിയ്യൂരിൽ പുലിമുഖത്തിലുമുണ്ട്‌ പുത്തൻ പരീക്ഷണം. വലുപ്പം കൂട്ടി ഒരുക്കിയിട്ടുള്ള പുലി മുഖങ്ങൾക്ക്‌ മാറ്റ്‌ കൂട്ടാൻ വരയിലും പരീക്ഷണങ്ങളുണ്ട്‌. അതിലൊന്നാണ്‌ പുരികം. താടിയിലുമുണ്ട്‌ പുതിയ ട്രെന്റ്‌. അരമണി കുലുക്കി തുള്ളുന്ന പുലികളിൽ  ബുൾഗാൻ താടിവച്ച പുലികളും ഇറങ്ങും. കാഴ്‌ചയ്‌ക്ക്‌ മിഴിവേകാൻ കളിമണ്ണിൽ മോൾഡ്‌ എടുത്ത ശേഷം ഫൈബറിലാണ്‌ മുഖങ്ങൾ നിർമിച്ചത്‌.  മരം ചെത്തി മിനുക്കി പുലിപ്പല്ലുകൾ ഒരുക്കി.  
വിയ്യൂർ സ്വദേശി സനിലാണ്‌ നഖമുള്ള പുലികൾക്കും മുഖത്തിലെ പുത്തൻ പരീക്ഷണങ്ങൾക്കും പിന്നിൽ. മൂന്നു മാസത്തോളമെടുത്താണ്‌ ഇതെല്ലാം ഒരുക്കിയത്‌. പുലിവസ്‌ത്രത്തിന്റെ ട്രൗസറിലുമുണ്ട്‌ പുതുമ. ഡിസൈനൊപ്പം തുണിയിലും പരീക്ഷണം നടത്തിയിട്ടുണ്ട്‌. പൂരത്തിന്റെ കുട ഉണ്ടാക്കുന്ന തിളങ്ങുന്ന തുണിയിൽ അടിച്ച പളപളാ മിന്നുന്ന ട്രൗസറുമുണ്ട്‌. ബംഗളൂരുവിൽ നിന്ന്‌ കൊണ്ടുവന്ന പ്രത്യേക തുണിയിലാണ്‌  ട്രൗസർ തുന്നിയത്‌. 
35 വർഷത്തോളമായി ഈ മേഖലയിൽ വിഗദ്‌ധനായ ജോൺസനാണ്‌ ട്രൗസർ ഒരുക്കിയത്‌.  ‘തുന്നാൻ ഇരിക്കുമ്പോൾ ഓരോ ഐഡിയ ഇങ്ങനെ വരും. അതുവച്ച്‌ പുതിയത്‌ ഓരോന്ന്‌ അങ്ങട്‌ ചെയ്യും’–- ഓരോ വർഷവും പുലി ഉടുപ്പിൽ പുതുമ കൊണ്ട്‌ വരുന്നതിനെക്കുറിച്ച്‌ ജോൺസൺ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top