തൃശൂർ
പ്രകൃതിയെ നെഞ്ചോട് ചേർക്കുംപോലെ അവർ പച്ച പർപ്പടകപ്പുല്ല് ദേഹമാസകലം വാരിക്കെട്ടി. കാട്ടാളൻ, തള്ള, ഹനുമാൻ, ഗണപതി, കൃഷ്ണൻ, ബാലി, സുഗ്രീവൻ എന്നീ മുഖങ്ങളിൽ അണിഞ്ഞതോടെ കുമ്മാട്ടിവേഷങ്ങളായി. ആർപ്പുവിളികളോടെ ചുവടുകൾക്ക് തുടക്കം. ഓണവില്ലടിച്ചാം പാട്ടിന്റെ താളത്തിനൊത്ത് കുമ്മാട്ടികൾ നൃത്തംവച്ചു.
തൃശൂരിന്റെ നഗര വീഥികളിലുടെ സഞ്ചരിച്ച് അവർ വീട്ടുപടിക്കലുമെത്തി. തിരുവോണനാളിലും രണ്ടോണനാളിലുമാണ് കുമ്മാട്ടികൾ നാടുചുറ്റാൻ ഇറങ്ങിയത്. ആവേശവും ആഹ്ലാദവും പകർന്ന് തെരുവോരങ്ങളിലൂടെ നടന്ന് നീങ്ങിയ കുമ്മാട്ടികളെ ആർപ്പുവിളിയോടെ ജനം വരവേറ്റു.
കുമ്മാട്ടിയുടെ ഈറ്റില്ലമായ കിഴക്കുംപാട്ടുകര തെക്കുംമുറി കുമ്മാട്ടിയാണ് രണ്ടോണനാളിൽ നാടുചുറ്റാൻ ഇറങ്ങിയത്. ശരീരമാസകലം പർപ്പടകപ്പുല്ല് വാരിയണിഞ്ഞ കുമ്മാട്ടികൾ ജനങ്ങളെയാകെ ഉത്സവത്തിമിർപ്പിലാക്കി. കുമ്മാട്ടിയെ വരവേൽക്കാൻ വൻ പുരുഷാരമാണ് റോഡിന് ഇരുവശവും അണിനിരന്നത്.
കിഴക്കുംപാട്ടുകര എസ്എൻഎ ഔഷധശാലയിലെ കുടുംബ ക്ഷേത്രമായ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം നടയിൽ നിന്നാണ് കുമ്മാട്ടികൾ ഇറങ്ങിയത്. ശിങ്കാരിമേളം, ബാൻഡ് സെറ്റ് , നാഗസ്വരം , നിശ്ചല ദൃശ്യം, ഫാൻസി ഡ്രസ് തുടങ്ങിയവ കുമ്മാട്ടിക്ക് മാറ്റുകൂട്ടി.
നായ്ക്കനാൽ ദേശക്കുമ്മാട്ടിയും രണ്ടോണനാളിൽ നഗരത്തിൽ വാദ്യഘോഷങ്ങളോടെ ഇറങ്ങിയിരുന്നു. തിരുവോണനാളിൽ കിഴക്കുംപാട്ടുകര പൃഥ്വി കുമ്മാട്ടികളും ആഹ്ലാദത്തിമിർപ്പിലാക്കി. മൂന്നോണ നാളായ ചൊവ്വാഴ്ച കിഴക്കും പാട്ടുകര വടക്കുമുറി കുമ്മാട്ടിയും ഇറങ്ങും. നാലോണ നാളിൽ ഊരകത്ത് എട്ടു കുമ്മാട്ടി സംഘങ്ങൾ നാടു ചുറ്റാനിറങ്ങും.
മാവേലി മന്നന്റെ മടക്കയാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണ് കുമ്മാട്ടി ക്കളിയെന്ന് വിശ്വാസമുണ്ട്. ശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടി രൂപഭാവങ്ങളെന്നും ഐതിഹ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..