22 December Sunday

വടക്കാഞ്ചേരിയിൽ 
കോടതിസമുച്ചയമുയരും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
വടക്കാഞ്ചേരി
തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് വടക്കാഞ്ചേരിയിൽ പുതിയ കോടതി സമുച്ചയ നിർമാണമെന്ന ഏറെക്കാലത്തെ ആവശ്യം യാഥാർഥ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. വടക്കാഞ്ചേരി പട്ടണത്തിനടുത്ത് ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ഭൂമിയിൽ നിന്നും 63.6 സെന്റ്‌ ഭൂമിയാണ് പുതിയ കോടതി സമുച്ചയ നിർമാണത്തിനായി അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം വ്യവസ്ഥകളോടെ നീതിന്യായ വകുപ്പിന് കൈമാറും. 
     ഈ ഭൂമിയിൽ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്  പ്രവർത്തിക്കുന്നുണ്ട്‌. ആകെയുള്ള 118.6 സെന്റ്‌  ഭൂമിയിൽ നിന്നും 55 സെന്റ്‌  ഫാഷൻ ഡിസൈനിങ്‌ സ്ഥാപനത്തിനായി നിലനിർത്തും. ബാക്കിയുള്ള 63.6 സെന്റ്‌ സ്ഥലമാണ് നീതിന്യായ വകുപ്പിന് കൈമാറുന്നത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നടത്തിയ നിരവധി ഇടപെടലുകളുടെ ഫലമായി സംസ്ഥാന ബജറ്റിൽ കോടതി സമുച്ചയ നിർമാണ പദ്ധതി ഉൾപ്പെടുത്തിയിരുന്നു. 
     സബ്കോടതിക്കും പോക്സോ കോടതിയ്ക്കും എംഎസിടി കോടതിയ്ക്കും വേണ്ടി എംഎൽഎ സബ്മിഷൻ ഉന്നയിച്ചിരുന്നു. എല്ലാ കോടതികൾക്കും പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളോടുകൂടിയ  സമുച്ചയമാണ് യാഥാർഥ്യമാവുന്നത്. സെൻട്രലി സ്പോൺസേർഡ് സ്കീം ഫോർ ദ ഡവലപ്മെന്റ്‌ ഓഫ് ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ആനുപാതികമായി സംസ്ഥാന സർക്കാർ  ഫണ്ടും പ്രയോജനപ്പെടുത്തിയാണ്  സമുച്ചയം യാഥാർഥ്യമാക്കുകയെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 
ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ വർധിപ്പിച്ച് ആധുനികവത്കരിക്കുമെന്നും എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top