തൃശൂർ
തമിഴ്നാട്ടിൽ നിന്ന് പാലക്കാടൻ ചുരം കടന്ന് കുതിരാൻ മല കയറി വൃശ്‌ചികക്കാറ്റ് തൃശൂരിലെത്തി. ജില്ലയുടെ മധ്യഭാഗത്ത് കൂടി നീങ്ങുന്ന ഈ കിഴക്കൻക്കാറ്റ് വൃശ്‌ചികപ്പിറവിയിൽ കുളിരായ് മാറുകയാണ്. വാളയാർ ചുരം കടക്കുന്നതോടെ കാറ്റിന്റെ ശക്തി കൂടി. അറബിക്കടലിന്റെ തീരപ്രദേശങ്ങൾ വരെ കാറ്റ് വീശുന്നുണ്ട്.
നവംബർ പകുതി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് വൃശ്ചികക്കാറ്റ് വീശുക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ചില പ്രദേശങ്ങളിലാണ് ഈ കാറ്റ് വീശുക. ജില്ലയിൽ മലയോര മേഖല മുതൽ മധ്യഭാഗത്ത് കൂടെ നീങ്ങി തീരപ്രദേശമായ കഴിമ്പ്രം, തൃപ്രയാർ, തളിക്കുളം, വാടാനപ്പിള്ളി, ചേറ്റുവ തുടങ്ങീ പ്രദേശങ്ങളിൽ കാറ്റ് വീശാറുണ്ട്. എന്നാൽ കരുവന്നൂർ പുഴയ്‌ക്കപ്പുറം ഈ കാറ്റുണ്ടാവാറില്ല. ചില വർഷങ്ങളിൽ ഒക്‌ടോബർ അവസാനം കാറ്റ് എത്താറുണ്ട്. ഒന്ന് വീശി പിൻവാങ്ങും. പിന്നീട് നവംബറിൽ പ്രബലമായി വരും.
ശക്തിയായ കാറ്റ് കശുമാവ്, മാവ്, പ്ലാവ്, നെല്ല് എന്നിവയുടെ പരാഗണത്തെ ബാധിക്കാറുണ്ട്. കാറ്റ് ജലാശയങ്ങളിലെ ബാഷ്പീകരണം കൂട്ടും. ശരാശരി അഞ്ച് മില്ലി മീറ്ററാണ് പ്രതിദിന ബാഷ്‌പീകരണതോത്. കാറ്റുള്ളപ്പോൾ 15 മില്ലി മീറ്ററായി ഉയരും. ജലാശയങ്ങൾ വേഗം വറ്റാനിടയാക്കും. വിളകളെയും ബാധിക്കുമെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ.ഗോപകുമാർ ചോലയിൽ പറഞ്ഞു. അതിനനുസൃതമായി വിളകള്‍ക്ക് നേരത്തെ ജലസേചനം നടത്തണം. കടയിൽ പൊതയിട്ട് സംരക്ഷിക്കണം. വാഴകൾ ഒടിഞ്ഞ് വീഴുന്നത് തടയാൻ താങ്ങ് കാലുകൾ നാട്ടണം. കാറ്റ് ശക്തമായാൽ ശരീരം വരളും. അതിനാൽ വെള്ളം നന്നായി കുടിക്കണം. കാറ്റ് ശക്തമായാൽ മഞ്ഞുണ്ടാവില്ല.
സൈബീരിയൻ മേഖലയിൽ നിന്നെത്തുന്ന വൃശ്ചികക്കാറ്റിന് സമീപ വര്‍ഷങ്ങളില്‍ വേഗം കുറഞ്ഞെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. 35 വർഷം മുമ്പ് അതിശക്തമായ കാറ്റ് വീശിയിരുന്നു. അടുത്ത വർഷങ്ങളിലായി കാറ്റിന്റെ വേഗത കുറഞ്ഞു.
ദിശയിൽ ആഗോളതാപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങളാണിതെന്നാണ് സൂചനകൾ. കാറ്റിന്റെ വേഗം, ദിശ എന്നിവ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്നും ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..