തൃശൂർ
പാക്കറ്റ് പാലിന് വിട നൽകി നെടുപുഴ ദേശക്കാർ. ഇവിടെ വീട്ടുപടിക്കലെത്തും തനിനാടൻ പാൽ. നെടുപുഴ ക്ഷീരോൽപ്പാദക സഹകരണ സംഘമാണ് കർഷകരിൽ നിന്ന് നേരിട്ട് പാൽ ഓട്ടോകളിൽ വീട്ടുപടിക്കൽ എത്തിക്കുന്നത്. സൊസൈറ്റിക്ക് കീഴിലെ നെടുപുഴ, പനമുക്ക് പ്രദേശത്തെ 40 ക്ഷീരകർഷകരുടെ 200 പശുക്കളുടെ പാലാണ് വിതരണം ചെയ്യുന്നത്. ദിവസവും ആയിരം ലിറ്റർ പാൽ ശേഖരിക്കുന്നു. കർഷകന് ലിറ്ററിന് 51.50 രൂപ നല്‍കിയാണ് പാല്‍ ഏറ്റെടുക്കുന്നത്. കൂടാതെ ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് സൊസൈറ്റി ഉറപ്പുവരുത്തുന്നു.
രാവിലെ 5.30ന് കർഷകർ സൊസൈറ്റിയിൽ പാൽ എത്തിക്കും. തുടര്‍ന്ന്, 5.45 മുതൽ 6.30വരെ ഏഴ് ഓട്ടോകളിലായാണ് പാല്‍ വിതരണം. വൈകിട്ട് മൂന്ന് ഓട്ടോകളിലും. ആവശ്യക്കാര്‍ക്ക് പാൽ പാത്രത്തിൽ ഒഴിച്ച് നൽകും. പാൽ കവർ ഇല്ലാതാകുന്നതിനാൽ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം കുറയും. നെടുപുഴ, പനമുക്ക്, വടൂക്കര, കൂർക്കഞ്ചേരി, അരണാട്ടുകര, അയ്യന്തോൾ എന്നിവിടങ്ങളിലായി ഏകദേശം 1500 വീടുകളില്‍ സംഘം പാൽ വിതരണം ചെയ്യുന്നു. ലിറ്ററിന് 66 രൂപയാണ് വില. സൊസൈറ്റിയിൽ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ 62 രൂപയും.
നഗരപ്രദേശത്തും പശുവളർത്തൽ വിജയകരമെന്ന് തെളിയിച്ചാണ് നെടുപുഴ ക്ഷീരോൽപ്പാദക സഹകരണ സംഘം മുന്നേറുന്നത്. കോർപറേഷൻ പരിധിയിൽ ഏറ്റവും കുടുതൽ പശുക്കളുള്ള പ്രദേശമായി നെടുപുഴ. കെ എസ് പുഷ്‌കരൻ പ്രസിഡന്റും അനിത ഉണ്ണി സെക്രട്ടറിയുമായ സൊസൈറ്റി 1972ലാണ് ആരംഭിച്ചത്. അഞ്ച് ഓഫീസ് ജീവനക്കാരും ഓട്ടോകളിൽ വിതരണക്കാരടക്കം 25 ജീവനക്കാരും സംഘത്തിൽ ജോലി ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..