ഒല്ലൂർ
ഒല്ലൂരിലെ കുപ്പിക്കഴുത്ത് പൊട്ടുമോയെന്ന ചോദ്യത്തിന് വിരാമമാകുകയാണ്. ഒല്ലൂർ സെന്റർ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്‌ബിയിൽ നിന്ന് 55.17 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തീർഥാടന കേന്ദ്രമായ മാലാഖയുടെ പള്ളിയും ഏവുപ്രാസ്യമ്മ കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഒല്ലൂരിലെ ഇടുങ്ങിയ റോഡില്‍ ഗതാതതക്കുരുക്ക് രൂക്ഷമാണ്.
2022–- 23 സംസ്ഥാന ബജറ്റില്‍ ഉയർന്ന ഗതാഗത തിരക്ക് നേരിടുന്ന 20 ജങ്‌ഷനുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ മുൻഗണനാ പട്ടികയിൽപ്പെട്ട ഒല്ലൂർ ജങ്‌ഷന്റെ വികസനത്തിന് നാറ്റ്പാക് പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജങ്ഷന്‍ വികസനത്തിനായി ബജറ്റില്‍ അനുവദിച്ച അഞ്ചുകോടി രൂപയും ഇതോടൊപ്പം വിനിയോഗിക്കും. മന്ത്രി കെ രാജന്റ ദീർഘനാളത്തെ ഇടപെടലിലൂടെയാണ് കിഫ്ബി ബോർഡ് തുക അനുവദിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമാണ് 55. 17 കോടി അനുവദിച്ചിരിക്കുന്നത്. 69.75 കോടിയുടെ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. തൃശൂർ ഭാഗം, തലോർ ഭാഗം, നടത്തറ ഭാഗം, ചേർപ്പ് ഭാഗം, എടക്കുന്നി ദേവി ക്ഷേത്ര ഭാഗം എന്നിങ്ങനെ അഞ്ചുറോഡുകളുടെ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്‌ബി), പിഡബ്ല്യുഡി, നാറ്റ്പാക് എന്നിവര്‍ ചേര്‍ന്ന് അലൈൻമെന്റ് ഫൈനലൈസ് ചെയ്ത് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ റോഡ് നിർമാണത്തിനുള്ള തുകയും ലഭിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കലക്ടർക്കാണ് ഒല്ലൂർ സെന്റര്‍ വികസന ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..