ഗുരുവായൂർ
വിവാഹം കഴിഞ്ഞാലുടൻ ഗുരുവായൂർ ക്ഷേത്രപരിസരത്തുതന്നെ രജിസ്‌ട്രേഷൻ നടത്താൻ സൗകര്യമൊരുക്കി നഗരസഭ. വിവാഹ രജിസ്ട്രേഷൻ കേന്ദ്രം വെള്ളി വൈകിട്ട് നാലിന് ദേവസ്വം വൈജയന്തി കെട്ടിടത്തിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവധി ദിവസങ്ങളിലടക്കം രാവിലെ 6 മുതൽ പകൽ രണ്ടുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക.
നഗരസഭാ രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് പുറമെ ഡാറ്റാ എൻട്രി പ്രവൃത്തികൾക്കായി കുടുംബശ്രീ പ്രവർത്തകരുടേയും സേവനം ഇവിടെ ഉറപ്പവരുത്തുമെന്നും ചെയർമാൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകും. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ മുഖ്യാതിഥിയാകും.
നഗരസഭ തനത് ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം നിർമിച്ചിട്ടുള്ളത്.
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എസ് മനോജ്, എ സായിനാഥൻ, എ എം ഷഫീർ, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..