ചുവന്നമണ്ണ്
പത്താംകല്ലിന് സമീപം തെക്കുംപാടം തോട്ടിലേക്ക് ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. ചുവന്നമണ്ണിൽ ദേശീയപാതയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ പരിസരത്തായാണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. ഇവിടെ സർവീസ് റോഡിനോട് വളരെ ചേർന്നാണ് തോട് ഒഴുകുന്നത്. ജനവാസമില്ലാത്തതും സ്ട്രീറ്റ്‌ലൈറ്റുകൾ ഇല്ലാത്തതും
മാലിന്യം തള്ളുന്നവർക്ക് ഗുണകരമായി മാറുകയാണ്.
മഴ ശക്തമായതോടെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് തള്ളുന്ന ശുചിമുറി മാലിന്യം ജനവാസമേഖലയിലൂടെ ഒഴുകിയാണ് മണലിപ്പുഴയിലേക്ക് എത്തുന്നത്. തോടിന്റെ പരിസരത്തു താമസിക്കുന്ന നാട്ടുകാർ കുളിക്കാനും തുണി കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ തോട്ടിലെ ജലമാണ് ഉപയോഗിക്കുന്നത്. തോട് നിറഞ്ഞു കവിയുന്ന സമയങ്ങളിൽ മാലിന്യം കിണറുകളിലും മറ്റുജല സ്രോതസ്സുകളിലും കലരും. ചുവന്നമണ്ണ് മുതൽ താണിപ്പാടം വരെയുള്ള സർവീസ് റോഡിന്റെ ഭാഗം അറവുമാലിന്യങ്ങളും രാസമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ തള്ളുന്ന സ്ഥിരം മേഖലയായി മാറിയിട്ടുണ്ട്. പകർച്ചവ്യാധികൾ പടരുന്ന കാലത്ത് മാലിന്യം തള്ളല്‍ ഗൗരവമായി കാണണമെന്ന് നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..