തിരുവില്വാമല
വഴിയരികിൽ നിന്നിരുന്ന പശുവിന്റെ പാൽ ഉടമയറിയാതെ കറന്നെടുത്ത് വഴിയോരക്കച്ചവടക്കാരന്‍. തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്ര പരിസരത്താണ് സംഭവം. പശുവിന്റെ ഉടമ കോതയത്ത് വീട്ടിൽ മാധവൻകുട്ടി പൊലീസിൽ പരാതി അറിയിച്ചതോടെ പഴയന്നൂർ പൊലീസെത്തി സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പാല്‍ക്കള്ളന്‍ പിടിയിലായത്. ആലത്തൂർ കാവശേരി കോട്ടപ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമാണ് പാൽ കട്ടുകുടിച്ചത്. ചൊവ്വാഴ്ച രാത്രി 11.30യോടെയാണ് സംഭവം. നാലമ്പല ദർശനം തുടങ്ങിയതോടെ ക്ഷേത്രനടയ്ക്കുസമീപം വഴിയോര കച്ചവടത്തിനെത്തിയതായിരുന്നു മുഹമ്മദ് ഇബ്രാഹിം. സമാന അനുഭവം മുമ്പും ഇയാളില്‍ നിന്നുണ്ടായെന്നും അന്ന് ഉപദേശിച്ച് വിട്ടതാണെന്നും പരാതിക്കാരനായ മാധവൻകുട്ടി പറഞ്ഞു. എസ്‌ഐ എം എഫ് ലിപ്‌സന്‍ മുഹമ്മദിനോട് വഴിയോരക്കച്ചവടം മറ്റൊരുസ്ഥലത്തേക്ക് മാറ്റണമെന്ന് താക്കീത് നൽകി. കൂടാതെ, മുഹമ്മദിന്റെ മകനെ വിളിച്ചുവരുത്തി കച്ചവട സാമഗ്രികൾ ഗുഡ്‌സ് ഓട്ടോയിൽ കയറ്റിവിട്ടതിനുശേഷമാണ് പൊലീസ് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..