എഴുപതുകളിലെ ക്ഷുഭിതയൗവനങ്ങളുടെ ഭാവുകത്വത്തെ, മാറുന്ന അഭിരുചിഭേദങ്ങളെ ഞങ്ങളുടെ തലമുറയിലേക്ക് ജാഗ്രതയോടെ കൂട്ടിക്കെട്ടിയ പ്രബല കണ്ണിയായിരുന്നു ഹിരണ്യൻ. വിപ്ലവസ്വപ്‌നങ്ങൾക്കൊപ്പം തിളച്ചുമറിഞ്ഞ ക്യാമ്പസ് പ്രബുദ്ധതയിൽ മാർക്‌സിസ്‌റ്റ് പാഠാവലികൾക്കൊപ്പം സാർത്രും കമുവും കാഫ്‌കെയും ദാർശനിക വിചാരങ്ങളും ഇടകലരുന്നത് ഹിരണ്യനെപ്പോലുള്ളവരുടെ സൂക്ഷ്‌മവും എന്നാൽ നിശ്ശബ്ദവുമായ സാഹിത്യ സാംസ്‌കാരിക പ്രവർത്തനംകൊണ്ടായിരുന്നു.
ഹിരണ്യൻ എഡിറ്ററായ 1975 ലെ കേരളവർമ കോളേജ് മാഗസിൻ ഉദാഹരണമാണ്. ഇന്ന് പ്രശസ്‌ത ചിത്രകാരനായി അറിയപ്പെടുന്ന, അന്ന് കേരളവർമ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കവർ ചിത്രത്തോടെയാണ് ആ മാഗസിൻ പുറത്തിറങ്ങിയത്. കേരളവർമയിൽ ഹിരണ്യൻ മാത്രമാണ് എസ്‌എഫ്‌ഐ പാനലിൽ ജയിച്ചത്. സെന്റ് തോമസിൽ ഹിരണ്യന്റെ ആത്മമിത്രം ഐ ഷൺമുഖദാസും ആ വർഷം എസ്‌എഫ്‌ഐയുടെ മാഗസിൻ എഡിറ്ററായി. ഇരുവരും പിന്നീട് സർക്കാർ കോളേജ് അധ്യാപകരായി.
സാഹിത്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കണ്ട ഒരാൾ. അകം നിറയെ കവിതയുടെ മഷിപ്പാത്രം നിറഞ്ഞു തുളുമ്പിയിരുന്നെങ്കിലും പുറത്തേക്ക് ഇറ്റിവീഴാതെ പരമമായ പ്രാണൻപോലെ സൂക്ഷിച്ചും പിശുക്കിയും ഉപയോഗിച്ചിരുന്ന ഒരാൾ. തന്നെക്കാളേറെ എന്നും മറ്റുള്ളവരെ ശ്രദ്ധിച്ചു. തന്റെ കവിതയേക്കാൾ മറ്റുള്ളവരുടെ കവിതയെ നിരീക്ഷിച്ചു. ചങ്ങാത്തമോ അപരിചിതത്വമോ അതിന് മാനദണ്ഡമായില്ല.
ഭാഷയുടെ അടിസ്ഥാനങ്ങളിൽ ഉറച്ചുനിന്ന് വൃത്തബദ്ധമായി കവിതയെഴുതാനുള്ള മികവ് സ്‌കൂൾ വിദ്യാർഥിയായിരിക്കെ അദ്ദേഹം തെളിയിച്ചിരുന്നു. പുരാണേതിഹാസങ്ങളുടെ ചട്ടക്കൂടിൽ സമകാലിക വിഷയങ്ങളെ വ്യാവർത്തിപ്പിച്ചും ജീവിതാനുഭവത്തോടും കാലബോധത്തോടും ചേർത്തുനിർത്തിയും ആദ്യകാല രചനകളിൽത്തന്നെ ഹിരണ്യൻ തിളങ്ങി.
സ്‌കൂൾകാലത്തെഴുതിയ ‘കാളിയമർദ്ദനം’ എന്ന കവിതയിലെ വരികൾ നോക്കൂ:
‘ഇന്നു മറ്റൊരു
നവകാളിയനുണ്ടീ മണ്ണിൽ;
കൊന്നൊടുക്കുന്നൂ
സത്യധർമ്മത്തെ, യഹിംസയെ!
മാനവമനസ്സിന്റെ
മാളത്തിലവനിഴ-ഞ്ഞീടുന്നൂ,
ഫണം നീർത്തിയൂതുന്നൂ
വിഷം ചുറ്റും’
എന്നാണ്. എത്രയോ വർഷം മുമ്പാണ്, എന്നാൽ ഇന്നും പഴക്കമില്ലാതെ ഉള്ളിൽത്തൊടുന്ന വരികൾ. കവിതയുടെ ഈ തുടർച്ച വേണ്ടത്ര പിന്നീടുണ്ടായില്ല. മടിച്ചും ശങ്കിച്ചും തന്റേതായ എഴുത്തിനോട് വിമുഖത കാട്ടി. പുസ്‌തകരൂപത്തിൽ ഒന്നും സമാഹരിക്കപ്പെട്ടില്ല. അക്കാലത്തെ ലിറ്റിൽ മാഗസിനുകളിലും ഹിരണ്യന്റെ കൈയൊപ്പുണ്ട്.
സാഹിത്യസംബന്ധിയായ ഏതു സംശയത്തിനും നട്ടപ്പാതിരയ്‌ക്ക് വിളിച്ചുചോദിച്ചാലും മറുപടി കിട്ടും. കഥ വന്ന പേജുകൂടി പറഞ്ഞുതരും.
ഒപ്പം ദേവനോ എഎസ്സോ നമ്പൂതിരിയോ വരച്ച ചിത്രങ്ങളുടെ വിശദാംശങ്ങളും. ജീവിക്കുന്ന സാഹിത്യ വിജ്ഞാനകോശമെന്ന് വിളിക്കാറുണ്ട്.
മാതൃഭൂമി സാഹിത്യ മത്സര വിജയികളാണ് ഹിരണ്യനും ഭാര്യ ഗീത ഹിരണ്യനും.
ഹിരണ്യന് കവിതയിലായിരുന്നു സമ്മാനം. ഗീതയ്‌ക്ക് കഥയ്‌ക്കും. പിന്നെ അവർ ജീവിതത്തിൽ ഒന്നിച്ചു. കവിതയിൽ തുടർന്നിരുന്നെങ്കിൽ മലയാളത്തിലെ തലപ്പൊക്കമുള്ള കവിയാകുമായിരുന്നു ഹിരണ്യൻ. എന്തെഴുതിയാലും പ്രസിദ്ധീകരിക്കാൻ ആവശ്യക്കാരുണ്ടായിരുന്നു. എന്നിട്ടും എഴുത്തിന്റെ നൈരന്തര്യം അറ്റു.
‘ഒറ്റ സ്‌നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം’ എന്നത്
ഗീതാ ഹിരണ്യന്റെ കഥയാണ്. ജീവിതത്തിന്റെ എല്ലാ സ്‌നാപ്പും ഒറ്റ ക്ലിക്കിൽ തീർത്ത വാശിയിൽ അവരെന്നോ പോയി. ഗൗളി വാൽ മുറിച്ചിട്ടപോലെ ഹിരണ്യൻ ബാക്കിയായി. ഇപ്പോഴിതാ ഹിരണ്യൻമാഷും....
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..