23 December Monday

പാട്ടായ്‌, ആൽബമായ്‌.. 
100 വൈദികരും 100 കന്യാസ്‌ത്രീകളും

സി എ പ്രേമചന്ദ്രൻUpdated: Thursday Jul 18, 2024

100 വൈദികരും 100 കന്യാസ്‌ത്രീകളും മറ്റു ഗായകരും ചേര്‍ന്ന് ആലപിക്കുന്ന അന്തർദേശീയ സംഗീത ആൽബത്തിന്റെ 
ചിത്രീകരണം

തൃശൂർ
തിരുവസ്‌ത്രമണിയുന്ന 100 വൈദികരും 100 കന്യാസ്‌ത്രീകളും മറ്റു ഗായകരും ചേർന്നാലപിക്കുന്ന അന്തർദേശീയ സംഗീത ആൽബം ഒരുങ്ങുന്നു. ഭാരതീയ സംഗീതത്തിലെ സ്വരസങ്കൽപ്പവും  പശ്ചാത്യ സംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേർന്ന സംഗീതാനുഭൂതി ആൽബം പകരും. സംസ്‌കൃതത്തിലാണ്‌ ആലാപനം.  ലോസ് ഏഞ്ചൽസിലെ 25 സംഗീതപ്രതിഭകളും കണ്ണിചേരുന്ന ആൽബം ലോക ചരിത്രമാവും. 
 കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഫാ. പോൾ പൂവത്തിങ്കലാണ്‌ ആൽബം  സംവിധാനം ചെയ്യുന്നത്‌. സംസ്‌കൃത പണ്ഡിതൻ  പ്രൊഫ.  പി സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തിലെ  ‘അസ്മാകം താത സർവേശ’  (സ്വർഗസ്ഥനായ പിതാവേ ) എന്നു തുടങ്ങുന്ന പാട്ടിലെ വരികളാണ്‌ ആൽബമാക്കുന്നത്‌. കർണാടക സംഗീതത്തിലെ നടഭൈരവി രാഗത്തിലാണ്‌ പാട്ട്‌.   
സംസ്കൃതത്തിന്റെയും കർണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയിലാണ്‌  അന്തർദേശീയ സംഗീത ശില്പം ഒരുങ്ങുന്നത്.  തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ സംഗീതാവിഷ്കാരമാണ്  ഇതെന്ന്‌ ഫാ. പൂവത്തിങ്കൽ  പറഞ്ഞു.  രൂപത്തിലും ഭാവത്തിലും ഭക്തിസാന്ദ്രതയും  നവീനത്വവും തുളുമ്പുന്നതാണ്‌ ഈ സംഗീത ശിൽപ്പമെന്നും  ഈ ആത്മീയ സംഗീത ആൽബം ചരിത്രത്തിൽ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. 
എറണാകുളത്തുള്ള എളംകുളം ലിറ്റിൽ ഫ്ലവർ  പള്ളിയിലായിരുന്നു  ദൃശ്യാവിഷ്‌കാരം.  സംഗീത ശിൽപ്പത്തിന്റെ ഒന്നാം ഭാഗം  റെക്കോഡിങ് തൃശൂർ ചേതന സ്റ്റുഡിയോയിലും രണ്ടാംഭാഗം  എറണാകുളത്തെ  സിഎസി സ്റ്റുഡിയോയിലും പൂർത്തിയായി.   മൂന്നാം ഭാഗമായ വെസ്റ്റേൺ ഓർക്കസ്ട്രയുടെ റെക്കോഡിങ്‌   അമേരിക്ക  ലോസ് ഏഞ്ചൽസിലെ  വില്ലജ് സ്റ്റുഡിയോയിൽ നടക്കും.  ഗ്രാമി അവാർഡുകളിൽ  നിറസാന്നിധ്യമായ വയലിനിസ്റ്റ്‌  മനോജ് ജോർജാണ്‌  ഓർക്കസ്‌ട്രേഷൻ.  
 റെക്കോഡിങ് എൻജിനിയറായ  സജി ആർ നായർ, കൃഷ്ണചന്ദ്രൻ, നിഖിൽ എന്നിവരാണ്  ഓഡിയോ റെക്കോഡിങ്. അഭിലാഷ് വളാഞ്ചേരിയും  സംഘവുമാണ് ചിത്രീകരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top