കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിന് സ്പോർട്‌സ് മോസ് ക്വിറ്റ് മത്സരവുമായി വേളൂക്കര പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ. രണ്ടോ മൂന്നോ അംഗങ്ങൾ ഉള്ള ഒരു ടീം ചുരുങ്ങിയത് 25 വീടുകൾ സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി വീട്ടുകാരുടെ സഹായത്തോടുകൂടി നശിപ്പിക്കണം. സന്ദർശിക്കുന്ന വീടുകളുടെ എണ്ണം, കണ്ടെത്തി നശിപ്പിക്കുന്ന ഉറവിടങ്ങളുടെ എണ്ണം എന്നിവയ്ക്കനുസരിച്ച് ടീമുകൾക്ക് സ്കോർ നൽകുന്നു. വാർഡുകളിൽ കൂടുതൽ സ്കോർ നേടുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിക്കും. പഞ്ചായത്തിൽ കൂടുതൽ സ്കോർ നേടുന്ന ടീമുകൾക്കും ക്യാഷ് പ്രൈസും ട്രോഫിയുമുണ്ട്.
ജപ്പാനിൽ ആരംഭിച്ച ആഗോളതല മത്സരമായ പാഴ് വസ്തുക്കൾ പെറുക്കി മാറ്റുന്ന മത്സരമാണ് പ്രചോദനം. പുതുക്കാട്ടെ സ്പോർട്ട്സ് ഫോർ സോഷ്യൽ ചെയ്ഞ്ചിന്റെ ആശയം വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുത്ത വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ മത്സരം വൻ വിജയമായി. ഇതാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരം നടത്തുന്നതിന് പ്രേരണയായത്. 25 മുതൽ സെപ്തംബർ ഒന്ന് വരെയാണ് പഞ്ചായത്ത് തല മത്സരം. പഞ്ചായത്തിൽ താമസിക്കുകയോ പഠിക്കുകയോ ചെയ്യുന്ന 10 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം. പഞ്ചായത്തംഗം, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ വഴി നേരിട്ടോ പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയോ 24 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആരോഗ്യ പ്രവർത്തകർ പ്രത്യേക പരിശീലനം നൽകും. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..