തൃശൂർ
ജില്ലയിൽ 2,80,000 കുഞ്ഞുങ്ങളുടെ കേൾവി പരിശോധിക്കും. ആറു വയസ്സുവരെയുള്ള കുട്ടികളുടെ കേൾവി പരിശോധന നടത്തി, ശ്രവണ വൈകല്യം പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുള്ള കാതോരം പദ്ധതി ആദ്യഘട്ടം തൃശൂരിൽ ആരംഭിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിനു മുമ്പ് കുട്ടികളിൽ സംസാരവും ഭാഷാ വികാസവും പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് കലക്ടറേറ്റിൽ ചേർന്ന ആലോചനാ യോഗത്തിൽ മന്ത്രി ആർ ബിന്ദു പറഞ്ഞു.
ജില്ലയിലെ 86 പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലുൾപ്പെടുന്ന 2036 വാർഡുകളിലെ കുഞ്ഞുങ്ങളുടെ കേൾവി പരിശോധിക്കും. 3017 അങ്കണവാടികളിലെ കുട്ടികളേയും പരിശോധിക്കും. പദ്ധതിക്കായി സാമൂഹ്യനീതി വകുപ്പിനായി സർക്കാർ 21.65 ലക്ഷം അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസാണ് മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് തൃശൂരിൽ പദ്ധതി
നടപ്പാക്കുന്നത്. നടത്തിപ്പിനായി കലക്ടർ ചെയർമാനായി ജില്ലാ പ്രോജക്ട് കമ്മിറ്റി രൂപീകരിക്കും. ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ ടെക്‌നിക്കൽ ഏജൻസിയാവും. രണ്ട് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സുമാർ ഉൾപ്പെടുന്ന ടീം പ്രതിദിനം മൂന്നു വാർഡുകൾ വീതം, 15 ടീമുകളായി 45 ദിവസം കൊണ്ട് സ്‌ക്രീനിങ് പൂർത്തിയാക്കും. ലഭിക്കുന്ന ഡാറ്റ പ്രത്യേക വെബ് പോർട്ടലിൽ ശേഖരിക്കും. പദ്ധതിയുമായി സഹകരിക്കുന്ന ജീവനക്കാർക്ക് നിപ്‌മറിൽ പരിശീലനം നൽകും.
സംസ്ഥാനത്തെ സർക്കാർ പ്രസവാശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കേൾവി പരിശോധന കാതോരം പദ്ധതിയിലൂടെ നടക്കുന്നുണ്ട്. എന്നാൽ പല സ്വകാര്യ ആശുപത്രികളിലും ഇത്തരം പരിശോധനയില്ല. ശ്രവണ വൈകല്യം നേരത്തേ കണ്ടെത്തിയാൽ കേൾവി ശക്തി പൂർണമായോ, ഭാഗികമായോ പരിഹരിക്കാം. കുട്ടിയുടെ ആശയ വിനിമയ കഴിവുകൾ ഉയർത്താനും വളർച്ചാ വികാസത്തിനും വിദ്യാഭ്യാസത്തിനും സഹായകരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..