21 December Saturday

കറങ്ങാം, പുലിയുടെ പുരാവൃത്തം തേടി....

സി എ പ്രേമചന്ദ്രൻUpdated: Wednesday Sep 18, 2024

പാട്ടുരായ്‌ക്കൽ ദേശത്തിന്റെ പുലികളി ചമയ പ്രദർശനത്തിൽ നിന്ന്‌

തൃശൂർ
കൊട്ടാരമുറ്റങ്ങൾക്ക് പകരം തൃശൂരിന്റെ തെരുവിൽ ജന്മമെടുത്ത കളിരൂപമാണ് പുലികളി. ശരീരത്തെ പൂർണമായി ഉപയോഗപ്പെടുത്തിയുള്ള സർവനടനം. ജനക്കൂട്ടങ്ങൾക്കിടയിലൂടെ അലിഞ്ഞുചേർന്നാണ്‌ പുലിക്കൂട്ട സഞ്ചാരം. ചവിട്ടിത്താഴ്‌ത്തപ്പെട്ട മാവേലി ഓണനാളുകളിൽ തിരിച്ചുവരുംപോലെ, അന്യവൽക്കരിക്കപ്പെട്ടവർ നഗരം സ്വന്തമാക്കാൻ തിരിച്ചെത്തുന്ന ദിനമാണ് നാലോണനാളില്‍ തൃശൂരിലെ പുലികളി. 
പുലികളി വന്ന വഴിയെക്കുറിച്ച് നാട്ടറിവ് ഗവേഷകനായിരുന്ന അന്തരിച്ച ഡോ. സി ആർ രാജഗോപാലന്റെ പഠനം ശ്രദ്ധേയമാണ്‌. 200 വർഷംമുമ്പ് വടക്കേ ഇന്ത്യയിൽനിന്ന്‌  ഡെക്കാൻ പീഠഭൂമിയിൽനിന്നും പഠാണികൾ എന്ന ജനവിഭാഗം തൃശൂർ ചെട്ടിയങ്ങാടിയിൽ കച്ചവടത്തിനെത്തിയിരുന്നു. ഇവർ പുലികളിയും പഞ്ചയെടുക്കൽ ചടങ്ങും നടത്തിയിരുന്നു. കൂടാതെ, കുതിരപ്പുറത്ത് വടിയുമായുള്ള അഭ്യാസപ്രകടനവും. ഉലക്കയിൽ വടിവച്ച് കെട്ടി അതിനുമുകളിൽ തണ്ടിലേറുന്ന പുലികൾ നടനം ചെയ്യും. ഉലക്കയ്ക്ക് മുകളിൽ വിശ്രമിക്കാൻ  ഉപയോഗിച്ച നീണ്ട വടിയുണ്ടാവും. ഈ വടികളാണ് പുലിക്കുടമായി പിൽക്കാലത്ത് അറിയപ്പെട്ടത്.
മുഹറം 10ന് നടത്തിയിരുന്ന പഞ്ചയെടുക്കൽ സംഘർഷത്തെത്തുടർന്ന് പൊലീസ് നിരോധിച്ചെങ്കിലും അടുത്തവർഷം വീണ്ടും നടന്നു. ആദ്യം ചെട്ടിയങ്ങാടി മുസ്ലീം പള്ളിമുതൽ കൊക്കാലെ കുളംവരെ പുലികൾ പോകുമായിരുന്നു. പിന്നീട് പഴയ നടക്കാവിൽനിന്ന്‌ വന്ന് നഗരം ചുറ്റി പ്രദക്ഷിണംവച്ചുപോന്നു. കൊച്ചി രാജാവിന്റെ കാലത്ത് തൃശൂർ പട്ടാളം ക്യാമ്പിൽ പുലികളി അരങ്ങേറി. തുടർന്നത് മത്സരാടിസ്ഥാനത്തിലായി, തൃശൂരിന്റെ തനത് കലാരൂപവുമായി. ഓണനാളുകള്‍ പുലികളുടേതായി. ഇസ്ലാംമത പ്രവാചകനായ മുഹമ്മദ് നബിയോടൊപ്പം പ്രവർത്തിച്ച അലിയുടെ പുത്രന്മാരായ ഹസനും ഹുസൈനും കൊല്ലപ്പെട്ടതിന്റെ വീരസ്മരണ പുതുക്കലായി വടക്കേ ഇന്ത്യയിൽ പുലികളി അവതരിപ്പിച്ചിരുന്നു. പുലികളിയുടെ ഉത്ഭവം ഇതാണെന്ന് പറയപ്പെടുന്നു.  മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയതിന്റെ ഭാഗമായുള്ള ചില വിശ്വാസങ്ങളും പുലികളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വയനാട്ടിലെ മൃഗാനുകരണ കലയായ നരിക്കളി, മറ്റുജില്ലകളിലുള്ള കടുവാക്കളി, പുലിയും വേട്ടക്കാരനും എന്നിവയിൽ നിന്നും തൃശൂരിലെ പുലികളി വേറിട്ടുനിൽക്കുന്നു. ഇവിടെ കലാകാരനും കാഴ്ചക്കാരനും ഒന്നാകുന്നുവെന്നതാണ് പ്രത്യേകത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top