തൃശൂർ
തൃശൂരിന്റെ ദേശങ്ങളിൽ നാട്ടുചെണ്ടകൾ മുഴങ്ങിത്തുടങ്ങി. എങ്ങും ‘പുലിക്കൊട്ടും പനന്തേങ്ങേം’ എന്ന വായ്ത്താരിയുടെ പ്രകമ്പനം തുടങ്ങി. പുലികളിയുടെ വിളംബരം അറിയിച്ച് ദേശങ്ങളിൽ പുലിക്കൊട്ടോടുകൂടി പുലിവാൽ എഴുന്നള്ളിപ്പും നടന്നു. പുലിത്താളങ്ങൾ തുടങ്ങിയതോടെ വേഷങ്ങളൊന്നുമില്ലാത്ത അതിന്റെ ആംഗികങ്ങൾ ജനങ്ങൾ പ്രകടിപ്പിക്കുന്നതുകാണാം.
പുലിത്താളങ്ങളാണ് പുലിശരീരത്തെ ചലിപ്പിക്കുന്നത്. അരമണി കുലുക്കി താളത്തിനൊത്ത് ശരീരം കുറച്ചൊന്ന് പുറകോട്ട് വളച്ച് കൈകൾ രണ്ടും മുന്നോട്ടു കാണിച്ചാണ് പുലികളി. ഇതിനൊപ്പം ജനങ്ങളും ചുവടുവയ്‌ക്കും. ആരവം മുഴക്കും.
മുഖത്ത് പുലി മുഖം വയ്‌ക്കും. എന്നാൽ മനുഷ്യ ശരീരത്തിൽ ചായമെഴുത്തിലൂടെയാണ് പുലിയായി മാറുക. മെയ്യെഴുത്ത് ബുധനാഴ്‌ച രാവിലെ തുടങ്ങും. മനുഷ്യശരീരത്തിലെ ആൺമുലകൾ പുലിക്കണ്ണായി മാറും. പൊക്കിൾക്കുഴി പുലിയുടെ വായയായി മാറും. പുലിക്കൊട്ടിനൊപ്പം ഈ വയറുകൾ ചലിക്കുമ്പോൾ പുലികൾ വാ പിളർക്കുന്ന പ്രതീതിയാണ്.
പുലികളിയിൽ വയറിനാണ് ഏറെ പ്രധാനം. അതിനാൽ കുടവയറന്മാർക്ക് ഡിമാൻഡ് കൂടും. വിയ്യൂർ ദേശം, വിയ്യൂർ യുവജനസംഘം, പാട്ടുരായ്‌ക്കൽ, സീതാറാം മിൽ, ചക്കാമുക്ക് കാനാട്ടുകര, ശങ്കരംകുളങ്ങര എന്നീ ദേശങ്ങളിലെല്ലാം പുലിവാൽ എഴുന്നള്ളിപ്പ് നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചമയപ്രദർശനം പരിമിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..