തൃശൂർ
ഇന്ത്യൻ കോഫീഹൗസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ തൃശൂർ കോഫീഹൗസിന് മുന്നിൽ നടത്തിവന്നിരുന്ന അനിശ്ചിതകാല സത്യഗ്രഹം വിജയിച്ചു. ബിജെപി–- കോൺഗ്രസ് കൂട്ടുകെട്ടിലുള്ള ഇന്ത്യൻ കോഫീബോർഡ് വർക്കേഴ്‌സ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരായും സസ്‌പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സമരം.
എറണാകുളം ലേബർ കമീഷണർ ഓഫീസിൽ നടന്ന ചർച്ചയിൽ സസ്‌പെൻഡ് ചെയ്ത ആറ് തൊഴിലാളികളെ നിരുപാധികം തിരിച്ചെടുക്കാൻ തീരുമാനിച്ചു. സമരത്തിൽ ഉന്നയിച്ചിരുന്ന മറ്റ് വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്‌ത് തീരുമാനിക്കും. സമരം വിജയിച്ചതോടെ ആറ് ദിവസമായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു.
ചർച്ചയിൽ ഇന്ത്യൻ കോഫീഹൗസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എഫ് ഡേവിസ്, ജനറൽ സെക്രട്ടറി സി കെ രാജേഷ്, വൈസ് പ്രസിഡന്റ് പി പി അജിത്, മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എസ് എസ് അനിൽകുമാർ, സെക്രട്ടറി ജി ഷിബു, അഡീഷണൽ ലേബർ കമീഷണർ ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമീഷണർ പി എം ഫിറോഷ് എന്നിവർ പങ്കെടുത്തു.
തൊഴിലാളികൾ നഗരത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. സി കെ രാജേഷ് അധ്യക്ഷനായി. കെ എഫ് ഡേവീസ്, എ സിയാവുദീൻ, ടി സുധാകരൻ, എം ആർ രാജൻ, പി എ ലെജുക്കുട്ടൻ, യു സതീഷ്‌കുമാർ, അനുരൂപ് രാജ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..