തൃശൂർ
ദൂരവും ഉയരവും വേഗവും കീഴടക്കി പുതുചരിത്രം കുറിക്കാൻ ജില്ലാ കായിക കൗമാരം തിങ്കളാഴ്ച മുതൽ കുന്നംകുളത്തേക്ക്. ചരിത്രത്തിലാദ്യമായി, ഭിന്നശേഷിക്കാരായ കുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തോടെ റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സിന് കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ സിന്തറ്റിക് ട്രാക്കിൽ തുടക്കമാകും. കാഴ്ച പരിമിതരായ കുട്ടികളാണ് മത്സരിക്കുന്നത്. 14 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
ഭിന്നശേഷിക്കാരുടെ മത്സരത്തിനുശേഷം മറ്റ് മത്സരങ്ങൾ ആരംഭിക്കും. മൂന്നുദിവസങ്ങളിലായാണ് മത്സരം. ആദ്യ ദിനം 50 ഇനങ്ങളിലും രണ്ടാം ദിവസം 49 ഇനങ്ങളിലും മൂന്നാം ദിവസം 32 ഇനങ്ങളിലും മത്സരം നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 103 ഇനങ്ങളിൽ 2000 കുട്ടികൾ മത്സരിക്കും. ഹാമർ ത്രോ മത്സരങ്ങൾ മാത്രം ബഥനി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ചൊവ്വാഴ്ച രാവിലെ 6.30ന് പന്നിത്തടത്ത് നിന്ന് ആരംഭിക്കുന്ന ക്രോസ് കൺട്രി മത്സരം കുന്നംകുളം ഗവ. ബോയ്സ് ഗ്രൗണ്ടിന് മുൻവശം സമാപിക്കും.
60 പെൺകുട്ടികളും 60 ആൺകുട്ടികളും മത്സരിക്കും. ബുധനാഴ്ചയാണ് അധ്യാപകരുടെ മത്സരം. 30 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്നീ വിഭാഗത്തിലാണ് അധ്യാപികമാരുടെ മത്സരം. 40 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്നിങ്ങനെയാണ് അധ്യാപകരുടെ മത്സരം. 15 ഇനങ്ങളിൽ മത്സരമുണ്ടാകും. മത്സരാർഥികൾക്കുള്ള ഭക്ഷണം കുന്നംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കും. മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..