18 October Friday
30 കോടിയുടെ നവീകരണ പ്രവൃത്തികൾക്ക് ഭരണാനുമതി

ചേറ്റുവ ഫിഷിങ്‌ ഹാര്‍ബര്‍ 
വികസനക്കുതിപ്പിലേക്ക്

സ്വന്തം ലേഖകൻUpdated: Friday Oct 18, 2024

ചേറ്റുവ ഫിഷിങ്‌ ഹാര്‍ബർ

ഏങ്ങണ്ടിയൂർ
 ചേറ്റുവ ഫിഷിങ്‌ ഹാര്‍ബറിന്‌  30 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയായി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഹാര്‍ബര്‍ നവീകരണത്തിനായി 30.3 കോടി രൂപയുടെ പ്രവൃത്തിക്കാണ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചത്. 
ഹാര്‍ബര്‍ എൻജിനിയറിങ്‌ വകുപ്പിനാണ് നിര്‍മാണച്ചുമതല. ഹാര്‍ബറിന്റെ  വിപുലീകരണം, പുതിയ വാര്‍ഫ് നിര്‍മാണം, ലേല ഹാള്‍ നിര്‍മാണം, പാര്‍ക്കിങ്‌, കവേര്‍ഡ് ലോഡിങ്‌  ഏരിയ എന്നിവ നവീകരണത്തിന്റെ  ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ രണ്ട്‌  പുലിമുട്ടുകളുടെയും പുനരുദ്ധാരണം, നിലവിലുള്ള ഗ്രോയിനുകളുടെ പുനര്‍നിര്‍മാണവും ടെട്രോപോഡ് ഉപയോഗിച്ച് പുലിമുട്ടുകളെ ബലപ്പെടുത്തുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി നടത്തും.
 നിലവില്‍ അഞ്ച്‌ കോടി രൂപക്ക് ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനും 8.83 കോടി രൂപയുടെ ഫ്ലോട്ടിങ്‌  ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള നടപടികളും  നടന്നുവരുന്നു. ചേറ്റുവ ഹാര്‍ബര്‍ നവീകരണ പദ്ധതിക്ക്കൂടി ഭരണാനുമതി ലഭിച്ചതോടെ 50 കോടിയില്‍പ്പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചേറ്റുവ ഹാര്‍ബറില്‍ നടക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top