തൃശൂർ
‘ഇനി എന്റെ അമ്പാടിക്ക് വീഴാതെ ഇരിക്കാം...’ ഓട്ടിസം ബാധിതനായ ആറുവയസ്സുകാരൻ അമ്പാടിക്ക് തൃശൂർ താലൂക്ക് പരാതി പരിഹാര അദാലത്തിലൂടെ വീൽചെയർ ലഭിച്ചപ്പോൾ അച്ഛൻ മരോട്ടിച്ചാൽ ബിനു ആശ്വാസത്തോടെ പറഞ്ഞു. കാഴ്ചപരിമിതിയുള്ള അമ്പാടി മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഇടയ്ക്കിടെ നിലത്തേക്ക് വീഴും. ആശുപത്രിവാസവും സ്ഥിരമാണ്. ഇതിനിടെയാണ് വീൽചെയർ നൽകണമെന്ന ആവശ്യവുമായി ബിനു കലക്ടർക്ക് മുന്നിലെത്തുന്നത്. കലക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടലിൽ അദാലത്തിൽ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും ചേര്‍ന്ന് അമ്പാടിക്ക് വീൽ ചെയർ കൈമാറി. ലയൺസ് ക്ലബ്ബാണ് വീൽചെയർ നൽകിയത്.
അമ്പാടിക്ക് വീടുവച്ച് നൽകാനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി കെ രാജൻ തൃശൂർ തഹസിൽദാർക്ക് നിർദേശം നൽകി. അമ്പാടിയുടെ അമ്മയ്ക്ക് ഇഷ്ടദാനം ലഭിച്ച ഭൂമിയിൽ വീടുവയ്ക്കാൻ സഹായം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..