തൃശൂർ
ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ് കൾച്ചറൽ സംരംഭത്തിന് തൃശൂർ വേദിയാവുന്നു. ഇന്ത്യ–- ദക്ഷിണ കൊറിയ ആർട്ട് എക്‌സ്‌ചേഞ്ച് പ്രോജക്ട് 20 മുതൽ 27 വരെ മാള ജിബി ഫാമിൽ സംഘടിപ്പിക്കും. കെക്കേയെല്ലം ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നുമുള്ള 10 പേർ വീതം വിഷ്വൽ ആർട്ടിസ്റ്റുകൾ പരിപാടിയുടെ ഭാഗമാകും. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കലാപരവും സാംസ്കാരികവുമായ സൃഷ്ടികൾ പിറക്കും. പദ്ധതിയിൽ പങ്കെടുക്കുന്ന കലാകാരന്മാർ മാള, കൊടുങ്ങല്ലൂർ, തൃശൂർ എന്നിവിടങ്ങളിലെ പ്രധാന പൗരാണിക ഇടങ്ങൾ സന്ദർശിക്കും. കഥകളി, ഭരതനാട്യം തുടങ്ങി പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങളും തനത് കലകളും അടുത്തറിയുന്നതിന് അവസരമൊരുക്കും. കൊറിയ വൂമ മ്യൂസിയം ഡയറക്ടർ മൂൺലി, ക്വാക്ക് പോങ് യങ്, കിം ഓൺ, ലി ഓൾ, ലീ ബോയങ്, സോ ചാൻസിയോബ്, പാർക്ക് യംങ്സൻ, പാർക് സിയങ്മൻ, ഷിം ഹോംജ, കൗൺ കാന്റി, ജംങ് യുഹാൻ എന്നിവരെത്തും.
കലാപരമായ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്ന പരിപാടിയായ മ്യൂസിയം ഓഫ് ആർട്ട് വൂമയുടെ ഏഷ്യ ആക്‌സിസ് പ്രോജക്ടുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് കെക്കേയെല്ലം ഫൗണ്ടേഷൻ ഡയറക്ടർ ബിനോയ് വർഗീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..