22 December Sunday
ഉണർന്നു കാർഷിക സമൃദ്ധിയുടെ സ്മരണകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ 
ഇല്ലംനിറ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷത്തിന് കതിർക്കറ്റകൾ കീഴ്ശാന്തിമാർ തലച്ചുമടായി എത്തിക്കുന്നു

ഗുരുവായൂർ
കർഷിക സമൃദ്ധിയുടെ സ്മരണകളുണർത്തി  ഗുരുവായൂർ ക്ഷേത്രത്തിൽ   ഇല്ലംനിറ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 6.18-നായിരുന്നു   ചടങ്ങ്. ശനി  രാത്രി കിഴക്കേനടയിലെ കല്യാണ മണ്ഡപത്തിന് സമീപം നിറയ്‌ക്കാവശ്യമായ 500ഓളം നെൽക്കതിർക്കറ്റകൾ അവകാശികൾ എത്തിച്ചു. രാവിലെ അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാർവാര്യന്മാർ ക്ഷേത്രം ഗോപുരത്തിന് മുൻവശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകൾ വച്ചു. തുടർന്ന് മനയം, അഴീക്കൽ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങൾ കതിർക്കറ്റകൾ തലച്ചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും ദീപസ്തംഭവും മൂന്നുതവണ വലംവച്ച ശേഷം സമർപ്പിച്ചു. 
തുടർന്ന്  കുത്തുവിളക്കുമായി നീങ്ങിയ  പാരമ്പര്യക്കാരന്  പുറകിൽ ശാന്തിയേറ്റ കീഴ്ശാന്തി   ഉണക്കലരിയിട്ട ഓട്ടുരുളിയിൽ ആദ്യകതിർക്കറ്റകൾ വച്ച് നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13-കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാർ ബാക്കി കതിർക്കറ്റകളുമായി പിന്നിൽ നീങ്ങി. തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ  സാന്നിധ്യത്തിൽ  മേൽശാന്തി പി എസ് മധുസൂദനൻ നമ്പൂതിരി കതിർ പൂജ നിർവഹിച്ചു. 
തുടർന്ന് ക്ഷേത്രത്തിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങുകൾ  സമാപിച്ചു.  തുടർന്ന്‌  പൂജിച്ച നെൽക്കതിരുകൾ   വിശ്വാസികൾക്ക്  വിതരണം ചെയ്തു. നിറകതിർ വാങ്ങാൻ വലിയ  തിരക്കാണ്  പുലർച്ചെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്ക് വച്ച് സ്വീകരിച്ചാണ്  കതിരുകൾ സമർപ്പിക്കുന്നത്. 
ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ഭരണസമിതി അംഗം കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ  പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ഇല്ലംനിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി  ആഘോഷം   28നാണ്. രാവിലെ 9.35 മുതൽ 11.40 വരെയുള്ള സമയത്താണ്  തൃപ്പുത്തരി ചടങ്ങുകൾ. പുന്നെല്ലിന്റെ  അരികൊണ്ടുള്ള പുത്തരിപ്പായസവും അപ്പവും ക്ഷേത്രത്തിൽ  നേദിക്കും .വിശേഷാൽ പുത്തരി പ്പായസം ഏറെ പ്രധാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top