22 December Sunday
സർക്കാരിന്റെ നൂറുദിന കർമപരിപാടി

ആദിവാസി ഗ്രാമങ്ങളുടെ വികസനത്തിന്‌ 13 കോടി

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024
തൃശൂർ
ആദിവാസി  ഗ്രാമങ്ങളിൽ സമഗ്രവികസനം ഒരുക്കുന്ന  അംബേദ്‌കർ സെറ്റിൽമെന്റ്‌  വികസന പദ്ധതിയിൽ  ജില്ലയിൽ 13 ഇടങ്ങൾ. ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, പുതുക്കാട്‌, ചാലക്കുടി മണ്ഡലങ്ങളിലെ 13  പട്ടികവർഗ മേഖലകളിൽ  അടിസ്ഥാന സൗകര്യങ്ങളുടെ മുന്നേറ്റത്തിന്‌  13 കോടി രൂപയാണ്‌ ചെലവഴിക്കുക. രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ പദ്ധതിക്ക്‌ തുടക്കമാവും. സാമൂഹിക സാമ്പത്തിക പുരോഗതിക്കായുള്ള പദ്ധതിയാണിത്. 
അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ വഴിയൊരുക്കും. വീടില്ലാത്തവർക്ക്‌ വീട്, ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ, ദുഷ്‌കരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കൽ, വീട്‌ പുനരുദ്ധാരണം എന്നിവയും ഉൾപ്പെടും. ജനപ്രതിനിധികളുടെ നിർദേശപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പട്ടികവർഗ സങ്കേതങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുക. വികസനത്തിനുള്ള നിർദേശങ്ങൾ ഊരുകൂട്ടത്തിൽ ചർച്ച ചെയ്ത് മുൻഗണനാക്രമം നിശ്ചയിക്കും. ജനപ്രതിനിധികളും ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുക്കും. എംഎൽഎ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുക.  
ചേലക്കര മണ്ഡലത്തിലെ  പഴയന്നൂർ പഞ്ചായത്തിലെ തിരുമണി,  ചേലക്കര കളപ്പാറ,  കാക്കിനിക്കാട്‌, പുതുക്കാട്‌ മണ്ഡലത്തിലെ  വരന്തരപ്പിള്ളി പഞ്ചായത്തിലെ  ചക്കിപ്പറമ്പ്‌,  ചാലക്കുടി അതിരപ്പിള്ളിയിലെ ഷോളയാർ, പെരുമ്പറ, പിള്ളപ്പാറ, മുക്കാംപുഴ,  ഒല്ലൂർ പുത്തൂർ പഞ്ചായത്തിലെ വല്ലൂർ ഗ്രാമങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾക്ക്‌ രൂപരേഖയായതായി ജില്ലാ ട്രൈബൽ  ഡെവലപ്‌മെന്റ്‌ ഓഫീസർ  ഹെറാൾഡ്‌ ജോൺ പറഞ്ഞു. നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും. 
ഇതോടൊപ്പം ചേലക്കര മണ്ഡലത്തിൽ രണ്ട്‌, പുതുക്കാട്‌, ചാലക്കുടി ഒന്ന്‌ എന്നിങ്ങനെ നാലു ഗ്രാമങ്ങളിൽക്കൂടി പദ്ധതി നടപ്പാക്കാൻ  അനുമതി ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top