തൃശൂർ
പുലിയിറങ്ങിയാൽ അരമണി കുലുക്കി താളത്തിനൊപ്പം ചുവടുവച്ച് ഊരകം സ്വദേശി ജയനുണ്ടാകും. 35 വർഷമായി പുലികളിയിൽ പങ്കെടുക്കുന്നുണ്ട് ചുമട്ടുതൊഴിലാളിയായ ജയൻ. കഴിഞ്ഞ വർഷം പുലികളി കഴിഞ്ഞതിന് പിന്നാലെയാണ് വായിൽ അർബുദം കണ്ടെത്തിയത്. ആറുമാസം നീണ്ട ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചു. ‘‘ഇത്തവണത്തെ പുലിയിറക്കിൽ ഭാഗമാകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. കഴിയുമോയെന്ന് അറിയില്ലായിരുന്നു. ഇറങ്ങാൻ തന്നെയാണ് ചിന്തിച്ചത്’’. പുലിവേഷമിട്ടപ്പോൾ ജയന്റെ മുഖത്ത് അതിജീവനത്തിന്റെ ചിരി വിടർന്നു. ചികിത്സയുടെ ക്ഷീണവും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും വിയ്യൂർ യുവജന കലാസംഘത്തിനായി പുലിവേഷമിട്ട ജയന്റെ പുലിയാട്ടത്തിന് മാറ്റേറെ.
അച്ഛൻ ചന്ദ്രൻ പുലികളിക്കാരനായിരുന്നു. ജയനൊപ്പം ചുവടുവച്ച് ഇളയ മകൻ അഭിജിത്തുമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിയായ അഭിജിത്ത് അഞ്ചാം തവണയാണ് പുലിയാകുന്നത്. 2019 ലാണ് അച്ഛനിൽ നിന്ന് ചുവട് പഠിച്ച് പുലിപ്പൂരത്തിൽ അരങ്ങേറിയത്. ‘‘അച്ഛൻ വേഷം കെട്ടുന്നത് കണ്ടാണ് പുലികളിയോട് ഇഷ്ടം തോന്നിയത്. ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു വശത്തേക്ക് മാത്രമേ ചുവട്‌വയ്‌ക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ എല്ലാം സെറ്റായി’’. ആടിത്തിമിർക്കാനുള്ള താളച്ചുവടുകൾ മനസ്സിലോർക്കുന്നതിനിടയിൽ പറഞ്ഞു. ജ്യേഷ്ഠൻ ആദിത്യൻ കഴിഞ്ഞ വർഷം പുലിവേഷം കെട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..