18 November Monday

ശസ്ത്രക്രിയയിലെ പിഴവ് : 16,80 ലക്ഷം 
നഷ്ടപരിഹാരം നല്‍കാന്‍ വിധി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
തൃശൂർ
ശസ്ത്രക്രിയ പിഴവിന് ഡോക്ടറും ആശുപത്രിയും ചേർന്ന് 16,80,367 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃതർക്ക പരിഹാര കമീഷന്റെ വിധി. തൃശൂർ മിണാലൂർ കുറുഞ്ചേരി കിഴക്കേ തെരുവിൽ വീട്ടിൽ കെ എ ഷെമീറിന്റെ (45) പരാതിയിലാണ് വിധി.   തൃശൂർ അശ്വനി ആശുപത്രിക്കും ഡോ. എ സി വേലായുധനുമെതിരെയാണ്‌ വിധി. 
2014 ജൂൺ 19ന്‌  ഷമീറിന്റെ  മൂത്രാശയത്തിലെ കല്ല് നീക്കാൻ  അശ്വനി ആശുപത്രിയിൽ ഡോ. എ സി വേലായുധൻ   ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം ഷമീറിന്റെ മൂത്രത്തിലൂടെ അമിത തോതിൽ രക്തം പോകാൻ തുടങ്ങി. കഠിനമായ വേദനയും അനുഭവപ്പെട്ടു.  തുടർന്ന്‌ അശ്വനി ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം തുടർ ചികിത്സയ്ക്ക് തൃശൂർ ജൂബിലി മെഡിക്കൽ കോളേജിലും ​ഗവ. മെഡിക്കൽ കോളേജിലും സമീപിച്ചു. വേദന മാറാത്തതിനെതുടർന്ന് ഷെമീർ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. 
ശസ്ത്രക്രിയയിൽ മൂത്രാശയ ബ്ലാഡറിന്റെ നെക്ക് മുറിഞ്ഞെന്നും ആജീവനാന്തം വേദന അനുഭവിക്കണമെന്നും ചികിത്സ നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചതായി പരാതിയിൽ പറയുന്നു.  
ഇക്കാരണത്താൽ  ദാമ്പത്യ ജീവിതം തകർന്നതായും പരാതിയിൽ ആരോപിച്ചു. ശസ്ത്രക്രിയയിലെ വീഴ്ച തെളിയിക്കാൻ   ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ​ഗവ. മെഡിക്കൽ കോളേജ്,   ശ്രീചിത്തിര മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാരെ   സാക്ഷികളാക്കി വിസ്തരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച  തെളിയിക്കാൻ 40 രേഖകളും ഹാജരാക്കി.  സി‌ ടി ബാബു പ്രസിഡന്റും എസ് ശ്രീജ, ആർ രാം മോഹൻ എന്നിവർ മെമ്പർമാരുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പരാതിക്കാരന്റെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി.  ഡോ. കെ സി  വേലായുധൻ , അശ്വനി  ആശുപത്രി എംഡി എന്നിവരോട്‌    45 ദിവസത്തിനുള്ളിൽ   16,80,367 നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. കെ ഡി ബാബു ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top