ചാലക്കുടി
ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം കോറം തികയാത്തതിനെ തുടർന്ന് ചർച്ച ചെയ്യാതെ മാറ്റിവച്ചു. 13അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ നോട്ടീസിൽ ഒപ്പിട്ട അഞ്ച് കോൺഗ്രസ് അംഗങ്ങളടക്കം മുഴുവൻ കോൺഗ്രസ് അംഗങ്ങളും പ്രമേയ ചർച്ചയിൽ ഹാജരായില്ല. അവിശ്വാസ പ്രമേയം ചർച്ചക്കെടുത്ത 11ന് കോറം തിയകയാഞ്ഞതിനെ തുടർന്ന് വരണാധികാരിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു യോഗം പിരിച്ചുവിട്ടു.
കോൺഗ്രസിലെ അധികാര വടംവലിയാണ് വൈസ് പ്രസിഡന്റ് ലീന ഡേവീസിനെതിരെയുള്ള അവിശ്വാസത്തിന് കാരണം. ഭരണപക്ഷത്തെ പടലപിണക്കത്തെ തുടർന്ന് അഞ്ച് അംഗങ്ങളാണ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ് ഒപ്പിട്ട് നല്‍കിയത്. മുരിങ്ങൂർ ഡിവിഷനിൽ നിന്നുള്ള അംഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടായതായി പറയുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലീന ഡേവീസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവക്കാതിരുന്നതാണ് അവിശ്വാസത്തിലേക്കെത്തിച്ചത്. എന്നാൽ, തനിക്ക് അഞ്ച് വർഷവും വൈസ് പ്രസിഡന്റ് സ്ഥാനം നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് വൈസ് പ്രസിഡന്റിന്റെ അവകാശം. ഇത് സംബന്ധിച്ച തർക്കമാണ് അവിശ്വാസ പ്രമേയത്തിലേക്കെത്തിച്ചത്. അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടവരെ അനുനയിപ്പിക്കാൻ ജില്ലാ നേതൃത്വം പലവട്ടം ശ്രമച്ചെങ്കിലും വഴങ്ങിയില്ല. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിന്നാൽ നിലവിലെ വൈസ് പ്രസിഡന്റിനെ അഞ്ച് ദിവസത്തിനുള്ളിൽ രാജിവയ്‌പ്പിക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയതായും പറയുന്നു. ഈ ഉറപ്പിലാണ് കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടുനിന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..