സ്വന്തം ലേഖകന്‍
ചേലക്കര
രണ്ടാമങ്കത്തിനിറങ്ങിയ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ ഹൃദയങ്ങളിലേറ്റി ജനങ്ങൾ. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി ജനമധ്യത്തിലിറങ്ങിയ ജനനായകനെ ഹർഷാരവത്തോടെയാണ് ചേലക്കര വരവേറ്റത്. രക്തഹാരമണിയിച്ചും അഭിവാദ്യമർപ്പിച്ചും ആബാലവൃദ്ധം ജനങ്ങളും വിളംബര യാത്രയിൽ അണിനിരന്നു. ചേലക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു വിളംബര ജാഥ നടന്നത്.
എൽഡിഎഫിലെ മുതിർന്ന നേതാക്കന്മാർ വിളംബര ജാഥയ്ക്ക് നേതൃത്വം വഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേലക്കരയെ വീണ്ടും ചുവപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ഓരോ ചുവടും മുന്നേറി. തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിൽനിന്ന് തുടങ്ങിയ ജാഥ ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. നിയമസഭാംഗമായിരുന്ന കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതോടെ വന്ന ഒഴിവിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ്. മന്ത്രിയായിരുന്ന കാലത്ത് കെ രാധാകൃഷ്ണൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച തേടിയും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുമാണ് യു ആർ പ്രദീപ് വോട്ടർമാരെ സമീപിക്കുന്നത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി നഫീസ, ജില്ലാ കമ്മിറ്റിയംഗം പി എ ബാബു, വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, ചേലക്കര ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ഘടക കക്ഷി നേതാക്കളായ പി ശ്രീകുമാർ, വി കെ പ്രവീൺ, കെ വി സോളമൻ, ഷാജി ആനിത്തോട്ടം, അലി അമ്പലത്ത് എന്നിവർ വിളംബര ജാഥയിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..