കയ്പമംഗലം/ തൃശൂർ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ഇന്ത്യയുടെ അടിത്തറ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു. ലോകസമ്പന്ന പട്ടികയിലേക്ക് അദാനിയെ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖല സ്ഥാപനങ്ങൾ തുച്ഛവിലക്കാണ് അദാനിക്ക് വിറ്റതെന്നും ബിജു പറഞ്ഞു. സിപിഐ എം നാട്ടിക ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം, തൃശൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതവും ഒരു ഭാഷയുമുള്ള രാജ്യമാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. നിലപാടില്ലായ്മയാണ് കോൺഗ്രസിന്റെ മുഖമുദ്ര. അതിനാൽ വലിയ തിരിച്ചടികളാണ് മഹാരാഷ്‌ട്ര ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ നേരിടുന്നത്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും വലിയ പ്രതിസന്ധിയായി മാറി.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നു. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് തയ്യാറല്ല. മാധ്യമങ്ങളെ കൂട്ടുപിടിച്ച് നുണക്കോട്ടകൾ കെട്ടിപ്പൊക്കുകയാണ്. കേരളത്തിൽ ബിജെപിയെ സഹായിക്കുന്ന പാർടിയായി കോൺഗ്രസ് മാറി. 87,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..