തൃശൂർ
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് വിധേയരാകുന്നതായി വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ഒറ്റപ്പെടലും ഏകാന്തതയും ഉള്ളവർ സഹായത്തിനായി പലരേയും ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇവർ ചൂഷണത്തിനിരയാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവർക്ക് വേണ്ട പരിഗണനയും ശ്രദ്ധയും സഹായവും നൽകാൻ തയ്യാറാകണം. തൃശൂർ ടൗൺ ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമീഷൻ അംഗം.
മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണ്. കുടുംബജീവിതത്തിൽ താളപ്പിഴകളുണ്ടാകുകയും ദമ്പതികൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും അദാലത്തുകളിൽ എത്തുന്നുണ്ട്.
ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ ആനുകൂല്യം ലഭിക്കാൻ അവകാശമുണ്ടെങ്കിലും സ്ഥാപനങ്ങൾ ഈ പരിരക്ഷ നൽകുന്നതിൽ വിമുഖത കാണിക്കുന്നതായും വനിതാ കമീഷൻ അംഗം പറഞ്ഞു. ജില്ലാതല അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ശേഷിക്കുന്ന 41 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 70 പരാതികളാണ് പരിഗണിച്ചത്. പാനൽ അഭിഭാഷക സജിത അനിൽ, ബിന്ദു മേനോൻ, ഫാമിലി കൗൺസലർ മാലാ രമണൻ, വനിതാ സെൽ പൊലീസ് ഉദ്യോഗസ്ഥ സുജ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..