തൃശൂർ
കണ്ണിൽ ഇരുട്ടുമാത്രം. കൈവിരലുകൾ കണ്ണുകളാകും. കറുപ്പും വെളുപ്പും നിറഞ്ഞ കളിക്കളത്തിൽ കാണാക്കണ്ണാൽ കരുക്കൾ നീക്കും. എൺപതിലും രാജൻ മാഷിന്റെ ചെക്കിൽ എതിരാളികൾ കുഴയും. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കെ രാജന് മികച്ച റേറ്റിങ്ങുണ്ട്. ലോക ചെസ് ദിനമായ ശനിയാഴ്‌ച തൃശൂരിൽ കാഴ്‌ചയുള്ളവരും കാഴ്‌ച പരിമിതരും ഏറ്റുമുട്ടുമ്പോൾ അദ്ദേഹവും പടയാളിയാവും. കാസർകോട് വിദ്യാനഗറിൽ കുന്നുംപുറത്ത് രാജന് ചെറുപ്പം മുതലേ പൂർണമായും കാഴ്ചശക്തിയില്ല. ബിരുദം നേടിയ ശേഷം ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ബ്ലൈൻഡ് പാസായി. കാസർകോട് ഗവ. ബ്ലൈൻഡ് സ്കൂൾ അധ്യാപകനായിരുന്നു.
കാഴ്‌ചപരിമിതരായ കുട്ടികളെ ചെസും പഠിപ്പിക്കാറുണ്ട്. അക്കാലത്ത് ഒമ്പതാം ക്ലാസുകാരൻ അജയൻ നന്നായി കളിക്കുന്നതു കണ്ടപ്പോൾ ദേശീയ അന്ധ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിച്ചു. ബ്ലൈൻഡ് ചെസ് അസോസിയേഷൻ രൂപീകരിച്ചാലേ ദേശീയ മത്സരത്തിൽ പങ്കെടുക്കാനാകൂവെന്ന് മനസ്സിലാക്കി. ഇതോടെ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് രൂപീകരിച്ചു. തുടർന്ന് അജയനേയും കൂട്ടി മുംബൈയിലെത്തി ദേശീയ മത്സരത്തിൽ പങ്കെടുപ്പിച്ചു.
25 വർഷം രാജൻ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഈ വര്‍ഷങ്ങളിലെല്ലാം സംസ്ഥാന ബ്ലൈൻഡ് ചെസ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച് താരങ്ങളെ ദേശീയ ചെസ് ചാമ്പ്യൻഷിപ്പിനയച്ചു. ഭാരമേറിയ ബ്രെയ്ൽ ചെസ് ബോർഡുകളും സെറ്റുകളും താങ്ങിപ്പിടിച്ച് മാഷും ശിഷ്യരുമെല്ലാം കേരളമാകെ സഞ്ചരിച്ച് കാഴ്‌ച പരിമിതർക്കായി മത്സരങ്ങളും പരിശീലനങ്ങളും നടത്താറുണ്ട്. പലപ്പോഴും സ്വന്തം പണം ചെലവഴിച്ചാണ് പരിശീലനങ്ങൾ നടത്തുക. ഇപ്പോഴും കുട്ടികളെ ചെസ് പഠിപ്പിക്കാറുണ്ടെന്ന് മാഷ് പറഞ്ഞു.
തൃശൂരിൽ ചെസ് അക്കാദമി സംസ്ഥാന ബ്ലൈൻഡ് ചെസ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുമ്പോൾ രാജൻ മാഷ് നിറസാന്നിധ്യമായിരുന്നുവെന്ന് ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ ആർ അനിൽകുമാർ പറഞ്ഞു. ഒരിക്കൽ ചെസ് അക്കാദമിയിൽ മാഷ് വാതിലിനടുത്തേക്ക് നടക്കുന്നതിനു പകരം എതിർദിശയിലേക്ക് നടന്നു. മാഷേ, അവിടെ ജനൽ വാതിലാണെന്ന് താൻ പറഞ്ഞു. എന്താന്നറിയില്ല അനിൽ മാഷേ, ഇന്ന് രാവിലേതൊട്ട് കണ്ണങ്ങ്ട് ശരിക്കും കാണുന്നില്ല’ ഇതായിരുന്നു നർമത്തിൽ പൊതിഞ്ഞ രാജൻ മാഷുടെ മറുപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..