22 November Friday

ഊർജിതമാണ്‌ ദുരന്തനിവാരണ പ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ചാഴൂർ കോലോത്തുംകടവിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് വൃദ്ധയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു ഫോട്ടോ: കെ ആർ പ്രജിത്‌

തൃശൂർ
കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ മന്ത്രി കെ രാജൻ. ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. കാലവർഷക്കെടുതി, ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് തുടങ്ങിയവ ചർച്ച ചെയ്യാൻ  കലക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സോയിൽ പൈപ്പിങ് പോലുള്ള അപകടസാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു. ശാസ്ത്രീയരീതിയിൽ മണ്ണെടുപ്പ് നടത്താത്തവർക്കെതിരെ നടപടിയെടുക്കും. അതത് വകുപ്പുകൾ കാനകൾ വൃത്തിയാക്കാൻ നടപടിയെടുക്കണം. റോഡിലെ കുഴികൾ അടിയന്തരമായി മൂടണം. അപകടകരമായ മരങ്ങൾ മുറിക്കാൻ പൊതുമരാമത്ത്‌ വകുപ്പ്‌, പഞ്ചായത്ത്, ദേശീയപാത വകുപ്പുകൾക്ക് കർശന നിർദേശം നൽകി. പഞ്ചായത്ത് തലത്തിൽ ആർആർടി സംഘത്തെ തയ്യാറാക്കണം. ഉദ്യോഗസ്ഥർ അപകടസ്ഥലങ്ങൾ കൃത്യമായി സന്ദർശിച്ച് പരിശോധന നടത്തി നാശനഷ്ടങ്ങൾ കണക്കാക്കണം.റവന്യൂ ഉദ്യോഗസ്ഥർ നിലവിലുള്ളയിടത്ത്‌ തുടരണം. 
ദേശീയപാത 
അധികൃതർ വരണം
മണ്ണുത്തി–-- വടക്കഞ്ചേരി ദേശീയപാത അധികൃതരെ സമൻസ് നൽകി ഹാജരാക്കാൻ മന്ത്രി നിർദേശം നൽകി.  ഗതാഗത ക്കുരുക്കിന് ഇടയാക്കുന്ന പ്രവൃത്തി ഉടൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ അനുമതി വാങ്ങാതെ സർവീസ് റോഡ് ഇല്ലാത്ത സ്ഥലത്താണ് പണി നടക്കുന്നത്. കുഴി ഉടൻ നികത്തി സർവീസ് റോഡ്  നന്നാക്കി പ്രവൃത്തി തുടങ്ങാൻ നിർദേശം നൽകും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടർ അതുൽ സാഗർ, സിറ്റി പൊലീസ് കമീഷണൽ ആർ ഇളങ്കോ, റൂറൽ എസ്‌പി നവനീത് ശർമ, എഡിഎം ടി മുരളി, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) പി എം കുര്യൻ, ഇരിങ്ങാലക്കുട ആർഡിഒ എം കെ ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top