തൃശൂർ
പാതിവഴിയിൽ വിമാനം റദ്ദാക്കിയത് കാരണം ദുരിതമനുഭവിക്കേണ്ടി വന്ന വീട്ടമ്മയ്ക്ക് രണ്ടുലക്ഷംരൂപ നഷ്ടപരിഹാരവും ടിക്കറ്റ് വിലയും കോടതി ചെലവും നൽകാൻ ഗൾഫ് എയർലൈൻസിനോട് തൃശൂർ കൺസ്യൂമർ കോടതി ഉത്തരവിട്ടു. മധുര സ്വദേശിനിയായ വീട്ടമ്മ
2011 ആഗസ്റ്റ് 27ന് അമേരിക്കയിലേക്ക് പോകാനാണ് ഗൾഫ് എയർലൈൻസിന്റെ ടിക്കറ്റ് ബുക്ക് ചെയ്തത്. തൃശൂർ ട്രിനിറ്റി എയർ ട്രാവൽസ് ആൻഡ് ടൂർസ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ചെന്നൈയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ലണ്ടൻ എയർപോർട്ടിലെത്തിയപ്പോൾ ന്യൂയോർക് എയർപോർട്ടിലെ കൊടുങ്കാറ്റുമൂലം വിമാനം റദ്ദാക്കിയെന്നും അമേരിക്കയിൽ നിന്ന് അകലെയുള്ള സ്ഥലത്ത് ഇറങ്ങാമെന്നും അറിയിച്ചു. മാനസിക സമ്മർദ്ദത്തിലായ വീട്ടമ്മ യാത്ര പാതി വഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങി.
ന്യൂയോർക്കിലേക്കുള്ള വിമാനം റദ്ദാക്കിയ വിവരം വീട്ടമ്മയെ നേരത്തെ അറിയിക്കാതെ ചെന്നൈയിൽ നിന്ന് ലണ്ടൻ വരെ അനാവശ്യയാത്രയ്ക്ക് പ്രേരിപ്പിച്ചതിൽ വിമാനകമ്പനിയുടെ അനുചിത വ്യാപാര തന്ത്രവും ഹർജിക്കാരിയോടുള്ള സേവനത്തിലെ വീഴ്ചയാണെന്നും തൃശൂർ ഉപഭോക്തൃ കോടതി കണ്ടെത്തി. നഷ്ട പരിഹാരമായി രണ്ടുലക്ഷം രൂപയും ടിക്കറ്റ് ചാർജ് അമ്പത്തിരണ്ടായിരം രൂപയും കോടതിചെലവ് പതിനായിരം രൂപയും ഹർജിക്കാരിക്ക് നൽകാൻ വിമാനക്കമ്പനിയോട് ഉത്തരവിട്ടു. സി ടി സാബു, അധ്യക്ഷനും ആർ റാംമോഹൻ, ശ്രീജ എന്നിവർ അംഗങ്ങളുമായ തൃശൂർ കൺസ്യൂമർ ഡിസ്പ്യൂട്സ് റിഡ്രെസ്സൽ കമീഷൻ ബെഞ്ച് ഉത്തരവിട്ടു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. കെ കെ വാരിജാക്ഷൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..